കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി. കരുതല്‍ തടങ്കല്‍ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടല്‍. ഒരു വര്‍ഷത്തേക്കാണ് കരുതല്‍ തടങ്കല്‍ ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ സരിത്ത് കരുതല്‍ തടങ്കലില്‍ തുടരുന്നത് കോടതി ശരിവച്ചു.
സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണ് സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയത്. ഒരു വ്യക്തിയെ കരുതല്‍ തടങ്കലില്‍ വയ്ക്കണമെങ്കില്‍ അയാള്‍ പുറത്തിറങ്ങിയാല്‍ സമാനമായ കുറ്റം ചെയ്യുമെന്ന് ഉറപ്പാക്കുന്ന രേഖകള്‍ ഹാജരാക്കണം. എന്നാല്‍ സ്വപ്‌ന സുരേഷിന്റെ കാര്യത്തില്‍ ഈ രേഖകള്‍ ഹാജരാക്കുന്നതില്‍ വീഴ്ചയുണ്ടായി. കൂടാതെ സ്വപ്നയെ കരുതല്‍ തടങ്കലില്‍ വയ്ക്കുമ്പോള്‍ തന്നെ അവര്‍ എന്‍.ഐ.എ. കേസിലെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ഈ കാര്യം ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി കരുതല്‍ തടങ്കല്‍ റദ്ദാക്കിയത്.
അതേസമയം കരുതല്‍ തടങ്കല്‍ റദ്ദാക്കപ്പെട്ടെങ്കിലും യു.എ.പി.എ. ചുമത്തിയിരിക്കുന്ന എന്‍.ഐ.എ. കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്നയ്ക്ക് പുറത്തിറങ്ങാനാവില്ല.
Post Your Comments