ദോഹ: വിസ ചട്ടങ്ങൾ ലംഘിച്ച ഖത്തറിലെ പ്രവാസി താമസക്കാർക്ക് ഒത്തുതീർപ്പിലൂടെ ലീഗൽ സ്റ്റാറ്റസ് പരിഹരിക്കാം. ആഭ്യന്തര മന്ത്രാലയമാണ് ഇതിന് അനുമതി നൽകിയത്. ഈ മാസം 10 മുതൽ ഡിസംബർ 31 വരെ ഇതിനായി സമയം അനുവദിച്ചു.
Read Also: സ്വർണഖനിയിൽ അകപ്പെട്ട കുട്ടിയാനയെ രക്ഷപ്പെടുത്തി വനംവകുപ്പ് : വീഡിയോ
പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചവർക്കാണ് ഒത്തുതീർപ്പിലൂടെ നിയമലംഘനം പരിഹരിച്ച് നിയമപരമായ സ്റ്റാറ്റസ് ശരിപ്പെടുത്താൻ അവസരം നൽകിയിരിക്കുന്നത്.
താമസാനുമതി (റസിഡൻസി) ചട്ടങ്ങൾ, വർക്ക് വിസ, കുടുംബ സന്ദർശക വിസ ചട്ടങ്ങൾ എന്നിവ ലംഘിച്ചവർക്കാണ് ഒത്തുതീർപ്പിന് അവസരമുള്ളത്. ലംഘനം നടത്തിയ പ്രവാസികൾ, തൊഴിലുടമകൾ, ആതിഥേയർ എന്നിവർക്കാണ് ഒത്തുതീർപ്പിന് അനുമതി നൽകിയത്.
ഒത്തുതീർപ്പു തുക ഒഴിവാക്കാനോ കുറയ്ക്കാനോ രേഖാമൂലം അപേക്ഷ നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും അധികൃതർ തീരുമാനമെടുക്കുക. ലീഗൽ സ്റ്റാറ്റസ് പരിഹരിക്കാൻ സേർച്ച് ആൻഡ് ഫോളോ അപ്പ് വകുപ്പ് അല്ലെങ്കിൽ ഉംസലാൽ, ഉംസുനെയിം, മിസൈമീർ, അൽവക്ര, അൽ റയാൻ എന്നിവിടങ്ങളിലെ സർക്കാർ സർവീസ് കേന്ദ്രങ്ങളെയോ സമീപിക്കണം. ഉച്ചയ്ക്ക് 1.00 മുതൽ വൈകിട്ട് 6.00 വരെയാണ് ലംഘനം പരിഹരിക്കാൻ അനുവദിച്ചിരിക്കുന്ന സമയം. ലംഘനം നടത്തിയിരിക്കുന്ന പ്രവാസികളും തൊഴിലുടമകളും കൂടുതൽ നിയമനടപടികൾ ഒഴിവാക്കാൻ ഒത്തുതീർപ്പിന് നൽകിയിരിക്കുന്ന അവസരം പ്രയോജനപ്പെടുത്തണമെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം.
Post Your Comments