ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടി മീരാ ജാസ്മിൻ. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ചാണ് മീരാ ജാസ്മിൻ വിസ ഏറ്റുവാങ്ങിയത്. കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി.
ദുബായിയിലെ ബിസിനസ്സ് സെറ്റപ്പ് സെന്ററായ എമിറേറ്റ്‌സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് മീരാ ജാസ്മിന്റെ ഗോൾഡൻ വിസയ്ക്കുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. തന്റെ ജീവിതത്തിലെ നാഴികക്കല്ലാണിതെന്നും ഗോൾഡൻ വിസ ലഭിച്ചതിൽ അഭിമാനമുണ്ടെന്നും മീരാ ജാസ്മിൻ പ്രതികരിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർക്ക് താരം നന്ദി അറിയിക്കുകയും ചെയ്തു.
നേരത്തെ മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി എന്നീ താരങ്ങൾക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.
Read Also: ഒടുവിൽ മുട്ടുമടക്കി യുകെ: ഇന്ത്യയിൽ നിന്നും രണ്ടു ഡോസ് വാക്സിനെടുത്ത് വരുന്നവർക്ക് ക്വാറൻറീൻ വേണ്ട
Post Your Comments