തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ട് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. 51031 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. 47629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു.
73977 പേരാണ് പരീക്ഷ എഴുതിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് തന്നെ വിദ്യാർത്ഥികളുടെ സ്കോർ അനുസരിച്ചുള്ള ഓപ്ഷൻ രജിസ്ട്രേഷൻ തുടങ്ങിയിരുന്നു. സിബിഎസ്ഇ ഇപ്രൂവ്മെൻറ് പരീക്ഷ എഴുതിയവർക്ക് കൂടി അപേക്ഷിക്കാൻ അവസരം നൽകണമെന്ന കോടതി ഉത്തരവ് മൂലമാണ് പട്ടിക പ്രസിദ്ധീകരിക്കാൻ വൈകിയതെന്നാണ് എൻട്രൻസ് കമ്മീഷണറുടെ വിശദീകരണം.
എന്‍ജിനീയറിങ്ങിന് വടക്കാഞ്ചേരി സ്വദേശി ഫെയിസ് ഹാഷിമിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഹരിശങ്കറിനാണ്. മൂന്നാം റാങ്ക് നയന്‍ കിഷോറിനും (കൊല്ലം) നാലാം റാങ്ക് കെ. സഹലിനുമാണ് (മലപ്പുറം). ആദ്യ നൂറ് റാങ്കില്‍ 78 പേര്‍ ആണ്‍കുട്ടികളാണ്. ഫാര്‍മസിയില്‍ ഒന്നാം റാങ്ക് ഫാരിസ് അബ്ദുള്‍ നാസര്‍ കല്ലയിലിനാണ്. തേജസ്വിനി വിനോദ് രണ്ടാം റാങ്കും അക്ഷര ആനന്ദ് മൂന്നാം റാങ്കും കരസ്ഥമാക്കി. ആര്‍കിടെക്ട്ചറില്‍ തേജസ് ജോസഫ് ഒന്നാം റാങ്ക് നേടി. അമ്പിളി രണ്ടാം റാങ്കും ആദിനാഥ് ചന്ദ്ര മൂന്നാം റാങ്കും സ്വന്തമാക്കി.
എന്‍ജിനിയറിങ് പ്രവേശനപരീക്ഷയിലെ ഓരോ പേപ്പറിലും 10 മാര്‍ക്കുവീതം ലഭിച്ചവര്‍ക്കാണ് എന്‍ജിനിയറിങ് റാങ്ക് പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹത. ഫാര്‍മസി പ്രവേശനപരീക്ഷയില്‍ ലഭിച്ച സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പ്രോസ്പെക്ടസ് വ്യവസ്ഥ പ്രകാരം കണക്കാക്കുന്ന ഇന്‍ഡക്സ് മാര്‍ക്ക് 10 എങ്കിലും ലഭിച്ചവര്‍ക്കാണ് ഫാര്‍മസി റാങ്ക്പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹതയുള്ളത്. റാങ്ക് പട്ടികകളില്‍ സ്ഥാനംനേടാന്‍, പട്ടികവിഭാഗക്കാര്‍ക്ക് ഈ മിനിമം മാര്‍ക്ക് വ്യവസ്ഥയില്ല. കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപ്പരീക്ഷയുടെ സ്‌കോര്‍ ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റാങ്ക് പട്ടിക cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Post Your Comments