തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പില്‍ ജനങ്ങളുടെ ആശങ്ക വർധിക്കുന്നു. ജനങ്ങൾ നേരിട്ട് നികുതി അടച്ചതിന്റെ വിവരങ്ങള്‍ കോര്‍പ്പറേഷന്റെ അദാലത്തില്‍ പോലും രേഖപ്പെടുത്തിയിട്ടില്ല. ഇതോടെ വീണ്ടും നികുതി അടയ്ക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. ഇതോടെ, ജനങ്ങളുടെ പണം നഷ്ടമാകില്ലെന്ന മേയറുടെ ഉറപ്പും സംശയത്തിലായിരിക്കുകയാണ്.
ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ നഗരസഭയിലെ പല സോണല്‍ ഓഫീസുകളിലും ഉദ്യോഗസ്ഥര്‍ നികുതിപ്പണം തട്ടിയെടുത്തെന്ന് മേയര്‍ ആര്യ രാജേന്ദ്രന് സ്ഥിരീകരിച്ചിരുന്നു. തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ അഞ്ച് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു.
ശ്രീകാര്യം സോണിലെ കാഷ്യര്‍ അനില്‍കുമാര്‍, ഓഫീസ് അസിസ്റ്റന്റ് ബിജു, നേമം സോണിലെ കാഷ്യര്‍ എസ്.സ്മിത, സുപ്രണ്ട് ശാന്തി, ആറ്റിപ്ര സോണിലെ ജോര്‍ജ്കുട്ടി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ശ്രീകാര്യം സോണിലെ അന്നത്തെ ചാര്‍ജ് ഓഫീസറും ഇപ്പോള്‍ കൊല്ലം നഗരസഭയിലെ ജീവനക്കാരിയുമായ ലളിതാംബികയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും.
Post Your Comments