MalappuramLatest NewsKeralaNattuvarthaNews

അവിഹിത ബന്ധം പുറത്തറിയാതിരിക്കാന്‍ പൂര്‍ണഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്: ശിക്ഷ ഇന്ന് വിധിക്കും

ഉമ്മുസല്‍മ ഗര്‍ഭിണിയാവുകയും പ്രസവശേഷം ശരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തു

മലപ്പുറം: അവിഹിത ബന്ധം പുറത്തറിയാതിരിക്കാന്‍ പൂര്‍ണഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും. കാടാമ്പുഴ തുവ്വപ്പാറ പല്ലിക്കണ്ടം സ്വദേശിനി വലിയപീടിയേക്കല്‍ ഉമ്മുസല്‍മ (28), ഏക മകന്‍ മുഹമ്മദ് ദില്‍ഷാദ് (7) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് മഞ്ചേരി കോടതി പ്രതിക്ക് ശിക്ഷ വിധിക്കുന്നത്. വെട്ടിച്ചിറ കരിപ്പോള്‍ സ്വദേശി ചാലിയത്തൊടി ശരീഫ് (38) ആണ് ക്രൂര കൊലപാതകം നടത്തിയത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം.

നിര്‍മ്മാണ ജോലികള്‍ കോണ്‍ട്രാക്ട് എടുത്ത് ചെയ്തിരുന്ന ശരീഫ് വീടുപണിക്ക് എത്തിയപ്പോഴാണ് ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്ന ഉമ്മുസല്‍മയുമായി അടുപ്പത്തിലായത്. ഉമ്മുസല്‍മ ഗര്‍ഭിണിയാവുകയും പ്രസവശേഷം ശരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തു. എന്നാല്‍ ശരീഫിന് ഭാര്യയും മക്കളുമുണ്ടായിരുന്നതിനാല്‍ ഉമ്മുസല്‍മയുമായുള്ള ബന്ധം അംഗീകരിച്ചില്ല. കുഞ്ഞ് ജനിച്ചാല്‍ ഉണ്ടാകുന്ന മാനഹാനി ഭയന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. ആദ്യം ഉമ്മുസല്‍മയെയാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ കൊലപാതകം കണ്ടു കൊണ്ടു വന്ന ഉമ്മുസല്‍മയുടെ മകനെയും പ്രതി ഇതേ രീതിയില്‍ കൊലപ്പെടുത്തി.

മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇരുവരുടെയും കൈഞരമ്പുകള്‍ മുറിക്കുകയും വീടിന്റെ വാതിലുകള്‍ പൂട്ടി ചാവി വലിച്ചെറിയുകയും ചെയ്തിരുന്നു. കൊലപാതകത്തിനിടെ ഉമ്മുസല്‍മ പാതി പ്രസവിക്കുകയും ശുശ്രൂഷകിട്ടാതെ നവജാതശിശു മരിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കുശേഷം നാട്ടുകാരാണ് മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ പുഴുവരിച്ചനിലയില്‍ കണ്ടെത്തിയത്. ഉമ്മുസല്‍മയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button