ബഹ്റൈൻ: രാജ്യത്തെ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ പുതുക്കി ബഹ്‌റൈൻ. പള്ളികളിലെത്തുന്നവർക്ക് കൂടുതൽ സുഗമമായി പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് സഹായകമാകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ബഹ്റൈൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ നിർദ്ദേശത്തിൽ പള്ളികളിൽ പ്രാർത്ഥനകളുടെ സമയത്ത് ഓരോ രണ്ട് വരികൾക്കിടയിലും ഒരു വരി ഒഴിച്ചിടണമെന്ന നിർദ്ദേശം ഒഴിവാക്കിയിട്ടുണ്ട്. വിശ്വാസികൾ പാലിക്കേണ്ട സാമൂഹിക അകലം ഒരു മീറ്ററായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.വിശുദ്ധ ഖുർആൻ, പ്രിന്റ് ചെയ്ത മറ്റ് പുസ്തകങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനും അനുമതി നൽകി. വിശ്വാസികൾ സ്വന്തം നിസ്‌കാരപ്പായകൾ കൊണ്ട് വരേണ്ടതാണെന്ന നിർദ്ദേശം ഒഴിവാക്കും. വിശ്വാസികൾക്ക് ആവശ്യമെങ്കിൽ ഈ നിർദ്ദേശം തുടർന്നും പാലിക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.
മാസ്‌കുകളുടെ ഉപയോഗം തുടരും. പള്ളികളിലെത്തുന്ന വിശ്വാസികൾ മുഴുവൻ സമയവും മാസ്‌കുകൾ ധരിക്കേണ്ടതാണ്. മാസ്‌കുകൾ ധരിക്കാത്തവർക്ക് പള്ളികളിലേക്ക് പ്രവേശനം നൽകില്ല. പള്ളികളിൽ ഏർപ്പെടുത്തിയിരുന്ന വിശ്വാസികളുടെ എണ്ണത്തിലെ പരമാവധി പരിധി ഒഴിവാക്കും. പള്ളികളിലേക്കുള്ള പ്രവേശനം വാക്‌സിനെടുത്തവരായ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള വ്യക്തികൾക്ക് മാത്രമാക്കി നിജപ്പെടുത്തും. പള്ളികൾക്ക് പുറത്ത് പ്രാർത്ഥിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. പള്ളികളിലെ മറ്റു പ്രവർത്തനങ്ങൾക്കും അനുമതി നൽകി. പ്രാർത്ഥനാ സമയത്തിന് മുൻപും, ശേഷവും വിശ്വാസികൾക്ക് പള്ളികളിൽ തുടരാൻ അനുമതി നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments