തിരുവനന്തപുരം: പുരാവസ്തുക്കളുടെ പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോസൻ മാവുങ്കലിനെ ആരൊക്ക കണ്ടു, ആരെയെല്ലാമാണ് ചികിത്സിച്ചത് എന്നെല്ലാം ഇപ്പോൾ പറയുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ സുധാകരനെ ഉന്നംവെച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം തള്ളിയ സതീശൻ, ചികിത്സക്ക് പോയ രാഷ്ട്രീയക്കാരെ അപമാനിച്ചാൽ തിരിച്ചടിക്കുമെന്നും ആളുകളുടെ ജാതകം നോക്കി അല്ല ഫോട്ടോ എടുക്കാൻ അനുവദിക്കുന്നതെന്നും സഭയിൽ പറഞ്ഞു.
‘കോസ്മെറ്റിക് സർജൻ ആയതിനാൽ പലരും മോൻസന്റെ പക്കൽ പോയിട്ടുണ്ട്. ചികിത്സക്ക് പോകുന്നത് കുറ്റകരമല്ല. സിനിമാ താരങ്ങളടക്കം മോൻസന്റെ അടുത്ത് ചികിത്സയ്ക്ക് പോയിട്ടുണ്ടെന്നാണ് വിവരം. വ്യാജ ഡോക്റ്റർ ആണെങ്കിൽ താരങ്ങൾ പോകുമോ’- സതീശൻ ചോദിച്ചു.
‘വരുന്ന ആളുകളുടെ ജാതകം നോക്കി അല്ല ഫോട്ടോ എടുക്കുന്നത്. പലരുടെയും കൂടെ നിന്ന് നേതാക്കൾ ഫോട്ടോ എടുക്കാറുണ്ട്. നാളെ അവർ പ്രതികൾ ആയാൽ രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്താനാകുമോ? മന്ത്രിമാരും മുൻ മന്ത്രിമാരും മോൻസന്റെ അടുത്ത് പോയി ഫോട്ടോ എടുത്തു. പൊതു പ്രവർത്ത്കരുടെ ഇമേജ് വർഷങ്ങൾ കൊണ്ട് ഉണ്ടാക്കി എടുക്കുന്നതാണ്. ഒരു ഫോട്ടോയുടെ പേരിൽ അത് തകർക്കാൻ ശ്രമിക്കരുത്’- സതീശൻ വ്യക്തമാക്കി.
‘സുധാകരന് എതിരായ പരാതി തട്ടിപ്പാണ്. പരാതിക്കാരെ കുറിച്ച് അന്വേഷണം നടത്തണം. എന്തിനാണ് മോൻസന് ഇവർ പണം കൊടുത്തത് എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രി പറഞ്ഞ പോലെ തട്ടിപ്പ് അറിയാതെ അവിടെ പോയവരും തട്ടിപ്പാണെന്ന് അറിഞ്ഞ് കൊണ്ട് അവിടെ പോയവരുമുണ്ട്. മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് കൊണ്ട് അവിടെ പോയവരിൽ പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരുണ്ട്. മുഖ്യമന്ത്രി സുധാകരനെതിരെ പുക മറ ഉണ്ടാക്കാനാണ് ശ്രമിച്ചത്’- സതീശൻ പറഞ്ഞു.
Post Your Comments