കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന് സുരക്ഷ നല്‍കിയതില്‍ ഡിജിപി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. മോന്‍സന് പോലീസ് സംരക്ഷണം നല്‍കിയത് എന്തടിസ്ഥാനത്തിലെന്നും നമ്മുടെ പൊലീസും ഇന്റലിജന്‍സും എവിടെയായിരുന്നുവെന്നും കോടതി ചോദിച്ചു. ലോകത്തില്ലാത്ത സാധനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അന്വേഷിക്കാതെ സംരക്ഷണം കൊടുക്കുകയായിരുന്നു എന്നും കോടതി വിമര്‍ശിച്ചു.
സംരക്ഷണം ആവശ്യപ്പെട്ട് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത് നല്‍കിയ ഹര്‍ജി പരിഗണിക്കുവെയാണ് ഹൈകോടതി രൂക്ഷവിമര്‍ശനം നടത്തിയത്. പോലീസുകാര്‍ മോന്‍സന്റെ വീട്ടില്‍ പോയപ്പോള്‍ എന്തുകൊണ്ട് നിയമലംഘനങ്ങള്‍ കണ്ടില്ലെന്നും ആനക്കൊമ്പ് കണ്ടപ്പോള്‍ പോലീസുകാര്‍ എന്തുകൊണ്ട് അതേക്കുറിച്ച് അന്വേഷിച്ചില്ലെന്നും കോടതി ചോദിച്ചു.
അവിഹിതബന്ധം പുറത്തറിയാതിരിക്കാൻ ആസൂത്രിത കൊലപാതകം: ഗർഭിണിയേയും മകനെയും കൊന്ന കേസിൽ പ്രതി കുറ്റക്കാരൻ
‘മോന്‍സന്റെ വീട്ടില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ഉണ്ടെന്നു പറഞ്ഞു. ഇപ്പോള്‍ എല്ലാം വ്യാജമെന്ന് തെളിഞ്ഞു. മോന്‍സന്റെ വീടിന് മുന്നില്‍ പോലീസുകാരെ കാണുമ്പോള്‍ സാധാരണ ജനം എന്ത് വിചാരിക്കണം?’ മോന്‍സന് വിശ്വാസ്യത നല്‍കുന്നതല്ലേ പോലീസിന്റെ നടപടിയെന്നും കോടതി ചോദിച്ചു.
കേസില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥർ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണെന്നും എല്ലാ റാങ്കിലും ഉള്‍പ്പെട്ടവര്‍ ഇതിലുണ്ടെന്നും കോടതി വ്യക്തമാക്കി. കൃത്യമായ അന്വേഷണം നടത്താന്‍ കഴിയുമോ എന്ന് ഡിജിപി വ്യക്തമാക്കണമെന്നും ഈ മാസം 26 നകം പോലീസ് മേധാവി വ്യക്തമായ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
Post Your Comments