റിയാദ്: സ്പോൺസർഷിപ്പിലുള്ള തൊഴിലാളിയെ വ്യക്തിഗത, സാമ്പത്തിക നേട്ടത്തിനായി സ്വതന്ത്രമായി പുറം ജോലിക്കു വിടുന്ന തൊഴിലുടമയ്ക്ക് ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്ക് പരമാവധി 3 മാസം വരെ തടവും 50,000 റിയാൽ പിഴയുമാണ് ശിക്ഷ. പാസ്പോർട്ട് വിഭാഗമായ ജവാസാത്താണ് ഇക്കാര്യം അറിയിച്ചത്.
ആദ്യതവണ നിയമം ലംഘിച്ചാൽ ഒരു മാസം തടവും 5000 റിയാൽ പിഴയും കുറ്റം ആവർത്തിച്ചാൽ 2 മാസം തടവും 20,000 റിയാൽ പിഴയുമാണ് ശിക്ഷ. മൂന്നാമതും നിയമം ലംഘിക്കുന്നവർക്കാണ് പരമാവധി 3 മാസം തടവും അര ലക്ഷം റിയാൽ പിഴയും ലഭിക്കും. തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ശിക്ഷയിൽ വർധനവ് ഉണ്ടാകും.
കമ്പനിയുടെ റിക്രൂട്ടിങ് ഒരു വർഷത്തേക്കു തടയുകയും ചെയ്യും. രണ്ടും മൂന്നും തവണ നിയമലംഘനം ആവർത്തിച്ചാൽ റിക്രൂട്ടിങ് നിരോധനം യഥാക്രമം 2, 3 വർഷമാക്കി വർധിപ്പിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇങ്ങനെ ജോലി ചെയ്യുന്ന വിദേശ തൊഴിലാളിക്ക് 6 മാസം തടവും 50,000 റിയാൽ പിഴയും ശിക്ഷ വിധിക്കും. വിദേശ കമ്പനി ഉടമയാണ് നിയമം ലംഘിച്ചതെങ്കിൽ ഒരു മാസം തടവും 5000 റിയാൽ പിഴയുമാണ് ശിക്ഷ നൽകി ഇഖാമ റദ്ദാക്കി നാടുകടത്തുകയും ചെയ്യും.
Post Your Comments