കണ്ണൂർ: നെടുംപൊയിലിൽ നിന്നു പൂളക്കുറ്റിയിലേക്ക് ഓടിക്കൊണ്ടിരുന്ന ബസിനു നേരെ കരിക്ക് പറിച്ചെറിഞ്ഞ് കുരങ്ങന്മാർ. മുന്നിലെ ഗ്ലാസ് തകർന്ന് ചില്ലു തെറിച്ചുവീണ് ഡ്രൈവർക്കും രണ്ടു സ്ത്രീ യാത്രക്കാർക്കും ഉൾപ്പെടെ മൂന്നു പേർക്കു നിസ്സാര പരുക്കേറ്റു. കണ്ണൂരിലാണ് സംഭവം.
ഇരിട്ടിയിൽനിന്നും പൂളക്കുറ്റിക്ക് സർവീസ് നടത്തുന്ന സെന്‍റ് ജൂഡ് ബസിനുനേരെയാണ് കുരങ്ങുകൾ കരിക്കെറിഞ്ഞത്. നെടുംപൊയിൽ, വാരപ്പീടിക വഴി സർവീസ് നടത്തുന്ന ബസാണിത്. റോഡരികിലെ തെങ്ങിൽനിന്നാണ് ഓടിക്കൊണ്ടിരുന്ന ബസിനുനേരെ കുരങ്ങന്മാര്‍ കരിക്ക് പറിച്ച് എറിഞ്ഞത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെ ബസ് വാരപ്പീടികയ്ക്കു സമീപം എത്തിയപ്പോഴാണ് വഴിയോരത്തെ തെങ്ങുകൾക്കു മുകളിൽ നിന്നു കുരങ്ങന്മാർ ബസിനു നേരെ കരിക്ക് എറിഞ്ഞത്. ഗ്ലാസ് വൻശബ്ദത്തോടെ തകർന്നുവീണു. 16 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. എല്ലാവരും ഒരുനിമിഷം ഭയന്നുപോയി. ഡ്രൈവർ കെ.ജെ.പ്രകാശൻ മനസ്സാന്നിധ്യം കൈവിടാത്തതിനാൽ അപകടമൊഴിവായി.
എന്നാല്‍ സംഭവത്തിൽ ഒഴിഞ്ഞുമാറുകയാണ് വനം വകുപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുരങ്ങുകൾ നാട്ടിലിറങ്ങി അക്രമം നടത്തുന്നതിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. വനം വകുപ്പിന്റെ നിലപാടിനെതിരെ മലയോര മേഖലയിൽ കർഷക രോഷം അതിശക്തമാണ്. കുരങ്ങുകളെ കൂടു വെച്ച് പിടികൂടുക, മറ്റു നടപടികൾ സ്വീകരിക്കുക തുടങ്ങിയവയാണ് കര്‍ഷകരുടെയും നാട്ടുകാരുടെയും ആവശ്യം.
Post Your Comments