തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് പുറത്തു പോകാന്‍ ഇനിയും ആളുണ്ടെന്നും പോയാല്‍ പിന്നെ എല്ലാം ശരിയാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കെപിസിസി നിര്‍വാഹക സമിതി അംഗം പി.വി. ബാലചന്ദ്രന്‍ പാര്‍ട്ടി വിട്ടതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ചേര്‍ത്ത് കോണ്‍ഗ്രസുകാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഏത് അന്വേഷണത്തെയും വെല്ലുവിളിക്കുകയാണെന്ന് മുരളീധരന്‍ വ്യക്തമാക്കി. കെ. സുധാകരന്‍ സിബിഐ അന്വേഷണം വേണമെന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് പാര്‍ലമെന്റില്‍ എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം ഡിഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഒരു അന്വേഷണവും വിജയമാകില്ലെന്നും അന്വേഷണം സര്‍ക്കാരിനെ രക്ഷിക്കാനുമാണെന്ന് മുരളീധരന്‍ ആരോപിച്ചു. സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലെല്ലാം ശ്രീജിത്ത് അന്വേഷണ ഉദ്യോഗസ്ഥനാകുന്നതില്‍ ദുരൂഹതയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
Post Your Comments