കൽപറ്റ: വിഡിയോ കോൾ വഴി തേൻകെണി വ്യാപകമാകുകയാണ്. അടുത്തിടെ വയനാട് സ്വദേശിയായ കൗമാരക്കാരൻ ഇത്തരത്തിൽ കെണിയിലകപ്പെട്ടിരുന്നു. വിദ്യാർഥി ഇടയ്ക്കിടെ ഓരോ ആവശ്യങ്ങൾക്കായി പണം ചോദിച്ചപ്പോഴാണു രക്ഷിതാക്കൾക്കു സംശയം തോന്നിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണു വ്യാജ അക്കൗണ്ട് വഴി കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. നിലവിൽ കുട്ടിയെ കൗൺസിലിങ്ങിനു വിധേയമാക്കാനാണു തീരുമാനം.
Also Read: ഒടുവിൽ ഫേസ്ബുക്കും വാട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തി
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് ആളുകളുമായി സൗഹൃദം സ്ഥാപിച്ച് വിഡിയോ കോൾ ചെയ്യുകയും പിന്നീട് വിവിധ ആപ്പുകൾ ഉപയോഗിച്ച് ഈ കോൾ സ്ക്രീൻ റെക്കോർഡ് ചെയ്ത് അയച്ചു നൽകി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതും ഇപ്പോൾ പതിവ് വർത്തയാകുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണു മിക്ക തട്ടിപ്പുകളുടെയും പിന്നിലെന്ന നിഗമനത്തിലാണു പൊലീസ്.
വ്യാജ സിംകാർഡുകളും സ്ത്രീകളുടെ ഫോട്ടോയും ഉപയോഗിച്ചാണു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിക്കുന്നത്. വിഡിയോ കോളിൽ നഗ്നത കാണിക്കുന്ന സ്ത്രീയോട് ചാറ്റ് ചെയ്യാമെന്നും വാഗ്ദാനമുണ്ടാകും. എന്നാൽ, ഇത് റെക്കാർഡ് ചെയ്ത വിഡിയോ ആണെന്നറിയാതെ ആളുകൾ വഞ്ചിക്കപ്പെടുകയാണ്. റെക്കോർഡ് ചെയ്യുന്ന വിഡിയോ യുട്യൂബിൽ അപ്‌ലോഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തും.
പ്രായപൂർത്തിയായവർക്ക് വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയ ആപ്പുകൾ കുട്ടികൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഇക്കാര്യം രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ട 21 ആപ്പുകളുടെ പട്ടിക പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. ഹണി ട്രാപ്പ്, പണം തട്ടിപ്പ്, ഓൺലൈൻ ചീറ്റിങ്, ബ്ലാക്ക്‌മെയ്‌ലിങ് തുടങ്ങിയ കുറ്റകൃത്യങ്ങൾ കൂടുതലായി നടക്കുന്നത് മെസേജിങ് ആപ്പുകൾ വഴിയാണ്, അതിനാൽ തന്നെ എല്ലാവരും ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
Post Your Comments