തിരുവനന്തപുരം: പണമുള്ളവരുടെ മക്കള്‍ മാത്രം പഠിച്ചാല്‍ മതിയെന്നതാണോ വിദ്യാഭ്യാസ മേഖലയിലെ സമീപനമെന്നത് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് അപ്രായോഗികമാണെന്നും സീറ്റുകളല്ല, ബാച്ചുകളാണ് കൂട്ടേണ്ടതെന്നും വി.ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ കുറവാണെന്നും അധിക സീറ്റുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ യജ്ഞം നടത്തിയവര്‍ ഇപ്പോള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളെ സഹായിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികമായ കണക്കുകള്‍ പറഞ്ഞ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകളെ ലഘൂകരിച്ചു കാണാനാണ് വിദ്യാഭ്യാസമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷം ഉന്നയിച്ച കാര്യത്തില്‍ മുന്‍ മന്ത്രി കെ.കെ ശൈലജ ശ്രദ്ധക്ഷണിക്കലിന് നോട്ടീസ് നല്‍കിയെങ്കില്‍, വിഷയത്തിന് അത്രയും ഗൗരവമുള്ളതിനാലാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഇഷ്ടവിഷയങ്ങളില്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യത്തില്‍ പല സ്വകാര്യ സ്‌കൂളുകളും മാനേജ്‌മെന്റ് സീറ്റുകളില്‍ ഒന്നും രണ്ടും ലക്ഷം രൂപയാണ് കോഴയായി വാങ്ങുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. പ്ലസ് വണ്‍ സീറ്റുകളുടെ കാര്യത്തില്‍ സംസ്ഥാനത്തെ ഒരു യൂണിറ്റായി കാണാതെ താലൂക്ക് അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുമെന്ന് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന്റെ അപ്രായോഗിക സമീപനം മൂലം ഓപ്പണ്‍ സ്‌കൂളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയാകുമെന്നും യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്ത കണക്കുകളാണ് മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു.
Post Your Comments