കാബൂള്‍: അഫ്ഗാനില്‍ ഇസ്ലാമിക് സ്റ്റേറ്റും താലിബാനും തമ്മില്‍ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം കാബൂളിലെ മുസ്ലിം പള്ളിക്ക് സമീപം ഐഎസ് നടത്തിയ ബോംബ് സ്‌ഫോടനത്തിന് താലിബാന്‍ പകരം വീട്ടി. ഐഎസിന്റെ ഒളിസങ്കേതങ്ങളില്‍ അവര്‍ മിന്നലാക്രമണം നടത്തി. രാജ്യതലസ്ഥാനമായ കാബൂളിലെ മുസ്ലീംപള്ളിക്ക് മുന്നില്‍ സ്ഫോടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഐഎസിനെതിരെ താലിബാന്‍ നീക്കം നടത്തിയത്.
വടക്കന്‍ കാബൂളിന് സമീപമുള്ള ഖയര്‍ ഖാനയിലെ ഐഎസ് കേന്ദ്രങ്ങളിലാണ് താലിബാന്‍ റെയ്ഡ് നടത്തിയത്. പ്രദേശത്ത് ഇരുകൂട്ടരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ക്കോ, താലിബാന്‍ അംഗങ്ങള്‍ക്കോ പരിക്കുകള്‍ ഏറ്റതായോ മരണം സംഭവിച്ചതായോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
ഞായറാഴ്ച ഈദ്ഗാഹ് പള്ളിയില്‍ നടന്ന സ്ഫോടനത്തില്‍ അഞ്ച് പ്രദേശവാസികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇതിന് പിന്നില്‍ ഐഎസ് ആണെന്നാണ് താലിബാന്റെ നിഗമനം. രാജ്യത്ത് താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഐഎസിന്റെ നേതൃത്വത്തില്‍ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. രാജ്യത്തെ തങ്ങളുടെ പ്രധാന ശത്രുവായിട്ടാണ് താലിബാനെ ഐഎസ് വിശേഷിപ്പിക്കുന്നത്.
ആക്രമണമുണ്ടായ സമയത്ത് താലിബാന്റെ നിരവധി അംഗങ്ങള്‍ പള്ളിയിലും പരിസര പ്രദേശങ്ങളിലുമായി ഉണ്ടായിരുന്നു. താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ്ദീന്റെ അന്തരിച്ച മാതാവിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇവര്‍ ഒത്തു കൂടിയത്. സ്ഫോടനത്തില്‍ താലിബാന്‍ അംഗങ്ങള്‍ക്ക് പരിക്കില്ലെന്നും, പ്രദേശവാസികള്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കാബൂളില്‍ നിന്ന് അഭയാര്‍ത്ഥി പലായനം തുടരുന്നതിനിടെ ഓഗസ്റ്റ് 26ന് വിമാനത്താവളത്തിന് പുറത്ത് ഐഎസ് ബോംബാക്രമണം നടത്തിയിരുന്നു. 169 അഫ്ഗാന്‍ പൗരന്മാരും 13 അമേരിക്കന്‍ സൈനികരുമാണ് അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. താലിബാന് പുതിയ ഭീഷണികള്‍ ഉയര്‍ത്തിക്കൊണ്ടാണ് രാജ്യത്ത് ഐഎസ് മുന്നേറ്റം നടത്തുന്നത്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടന്നതോടെയാണ് ഐഎസിന്റെ രഹസ്യകേന്ദ്രങ്ങളില്‍ നേരിട്ടെത്തി ആക്രമണം നടത്താന്‍ താലിബാന്‍ തീരുമാനിച്ചതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
Post Your Comments