
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനം ആരംഭിച്ചു. 24 ദിവസം നീളുന്ന സമ്മേളനം നവംബര്‍ പന്ത്രണ്ടിന് അവസാനിക്കും. അതേസമയം സഭയില്‍ സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം ചര്‍ച്ചയാക്കി പ്രതിപക്ഷം. പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലാണ് ഇക്കാര്യത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചത്. പണം കൊടുത്ത് പഠിക്കാന്‍ ശേഷിയില്ലാത്തവര്‍ കൂടുതലൊന്നും സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഷാഫി പറമ്പില്‍ സഭയില്‍ പറഞ്ഞു.
പ്ലസ് വണ്‍ സീറ്റുകള്‍ക്കായി പുതിയ ബാച്ചുകള്‍ അനുവദിക്കാത്തതാണ് വിദ്യാഭ്യാസ രംഗത്തെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. പ്രവേശനത്തിന്റെ തോതല്ല പരിഗണിക്കേണ്ടത്. ആകെയുള്ള അപേക്ഷകരുടെ എണ്ണമാണ് പരിഗണിക്കേണ്ടതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സീറ്റുകള്‍ പുനഃക്രമീകരിക്കണമെന്ന ആവശ്യം ഇനിയെങ്കിലും പരിഗണിക്കുകയും ശാസ്ത്രീയമായി പഠിച്ച് ആവശ്യമുള്ളിടത്ത് സീറ്റ് നല്‍കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് മാത്രം ആയിരത്തോളം സീറ്റിന്റെ കുറവുണ്ടെന്ന് ഷാഫി പറമ്പില്‍ ചൂണ്ടികാട്ടി. വിജയശതമാനം കൂടുതലുള്ള മലപ്പുറം ജില്ലയില്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ട വിഷയം തിരഞ്ഞെടുക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്ലസ് വണ്‍ സീറ്റുകളില്‍ അധിക ബാച്ച് അനുവദിക്കില്ലെന്ന നിലപാട് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി സഭയില്‍ ആവര്‍ത്തിച്ചു. സര്‍ക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അതിന് അനുവദിക്കില്ലെന്നും രണ്ടാം ഘട്ട അലോട്ട്മെന്റിന് ശേഷം സര്‍ക്കാര്‍ സാഹചര്യം വിലയിരുത്തുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
Post Your Comments