മുംബൈ : ആഡംബരക്കപ്പലിലെ ലഹരിവിരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന് തിരിച്ചടിയായത് രാജ്യാന്തര ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന ഫോണ്‍ രേഖകളാണ്. ആര്യന്റെ പക്കല്‍ നിന്നും ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും എന്‍സിബിയും വ്യക്തമാക്കി. സുഹൃത്ത് അര്‍ബാസിന്റെ ബാഗില്‍ നിന്നാണ് 6 ഗ്രാം ലഹരിമരുന്ന് കണ്ടെത്തിയത്. ആര്യന്റെ ഫോണില്‍നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കോഡ് ഭാഷയിലാണ് പ്രതികള്‍ ചാറ്റ് ചെയ്തിരുന്നത്.
അഭിഭാഷകനായ സതീഷ് മനീഷ് ഷിന്‍ഡെയാണ് ആര്യന് വേണ്ടി ഹാജരായത്. തന്റെ കക്ഷിയില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കപ്പലിലെ മറ്റുള്ളവരില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ ആര്യനെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും മനീഷ് ഷിന്‍ഡെ പറഞ്ഞു. എന്നാല്‍ അന്താരാഷ്ട്ര ലഹരിസംഘവുമായി ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. ചില വാട്‌സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ആരോപിക്കുന്നത്. എന്നാല്‍ ഇതിനൊന്നും തെളിവില്ലെന്നും കോടതിക്ക് ചാറ്റുകള്‍ പരിശോധിക്കാമെന്നും പ്രതിഭാഗം വ്യക്തമാക്കി. കപ്പലില്‍ ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ ഓടിയൊളിക്കാന്‍ ശ്രമിച്ചില്ലെന്നും അവരെ പരിശോധന നടത്താന്‍ അനുവദിച്ചെന്നും ആര്യന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം, ആര്യന്‍ ഖാന് ലഹരിമരുന്ന് എത്തിച്ചു നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.സി.ബി.ക്ക് ലഭിച്ചിരുന്നു. ആര്യന്റെയും അര്‍ബാസിന്റെയും വാട്സ്ആപ്പ് ചാറ്റുകളില്‍ നിന്നാണ് ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. ശ്രേയസ് നായര്‍ എന്നയാളാണ് ആര്യന്‍ ഖാനും അര്‍ബാസ് മര്‍ച്ചന്റിനും ലഹരിമരുന്ന് എത്തിച്ചു നല്‍കിയതെന്നാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറയുന്നത്.
ആര്യനും അര്‍ബാസിനും ശ്രേയസ് നായരെ നേരത്തെ പരിചയമുണ്ടെന്നാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ചില പാര്‍ട്ടികളില്‍ മൂവരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.
Post Your Comments