തിരുവനന്തപുരം: വിവാഹമോചനത്തിന് അപേക്ഷ നല്‍കിയ ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം. പുല്ലുവിള സ്വദേശിനി ജെസിയെ ഭര്‍ത്താവ് വര്‍ഗീസാണ് ക്രൂരമായി മര്‍ദ്ദിച്ചത്. തിരുവനന്തപുരത്ത് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
13 വര്‍ഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. സ്ഥിരമായി മദ്യപിച്ചിരുന്ന വര്‍ഗീസ് ഭാര്യയെ മര്‍ദ്ദിക്കുകയും വീട്ടില്‍ വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു. തുടര്‍ന്ന് ആറ് മാസം മുമ്പാണ് വിവാഹമോചനത്തിന് ജെസി അപേക്ഷ നല്‍കിയത്. വിവാഹമോചനം തേടിയതിന്റെ പ്രതികാരത്തിലാണ് ഭര്‍ത്താവ് ആക്രമണം നടത്തിയത്.
അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന ജെസിയെ ഭര്‍ത്താവ് പിന്നിലൂടെ വന്ന് മര്‍ദ്ദിക്കുകയായിരുന്നു. രക്തം വാര്‍ന്ന് ജെസിക്ക് ബോധം നഷ്ടപ്പെട്ടപ്പോഴും ഭര്‍ത്താവ് വീണ്ടും മര്‍ദ്ദിച്ചു. ബഹളം കേട്ട് എത്തിയ അയല്‍വാസിയാണ് ജെസിയെ രക്ഷിച്ചത്. ഗുരുതര പരിക്കുകളോടെ ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജെസിയുടെ നട്ടെല്ലിനും വാരിയെല്ലിനുമാണ് പരിക്കേറ്റത്. നേരത്തെയും ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അതെല്ലാം ഒത്തു തീര്‍ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
Post Your Comments