കോഴിക്കോട്: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ഇപ്പോഴും ശക്തമായി പെയ്യുകയാണ്. തമിഴ്നാട് തീരത്തോട് ചേർന്നുള്ള ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കോഴിക്കോട് കാസര്‍കോഡ് ജില്ലകളില്‍ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. കാസര്‍കോഡ് മരുതോം മലയോര ഹൈവേയ്ക്ക് സമീപം വനത്തില്‍ നേരിയ ഉരുള്‍പൊട്ടലുണ്ടായി.
Also Read: തുടർച്ചയായ മോഷണങ്ങൾ: പോലീസിനെ വെട്ടിലാക്കി കള്ളന്മാർ വിലസുന്നു
തൃശൂർ ജില്ലയിൽ മഴയില്‍ പരക്കെ നാശമുണ്ടായി. കനത്ത മഴയില്‍ തൃക്കൂര്‍ മാക്കിലകുളം തോടിന്റെ ബണ്ട് പൊട്ടി പ്രദേശത്തെ 5 വീടുകളില്‍ വെള്ളം കയറി. മറ്റത്തൂര്‍ വെള്ളിക്കുളം വലിയ തോടും പൂവാലിത്തോടും കവിഞ്ഞൊഴുകി നിരവധി വീടുകളില്‍ വെള്ളം കയറി. വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഒക്ടോബര്‍ 2, 3, 4, 5, 6 തിയ്യതികളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്‌ഡി അറിയിച്ചു.
തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ ഘട്ടത്തില്‍ ബന്ധുവീടുകളിലേക്കോ മറ്റു ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ മാറി താമസിക്കാന്‍ തയാറാകണം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവരും നേരത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായതും സാധ്യത ഉള്ളതുമായ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments