കൊച്ചി: ആധികാരിക ശബരിമല രേഖയെന്ന പേരില്‍ മോന്‍സന്‍ മോവുങ്കല്‍ പ്രചരിപ്പിച്ച ചെപ്പേടിലെ വിവരങ്ങള്‍ അവകാശവാദത്തിനു നിരക്കാത്തതെങ്കില്‍ കേസ് എടുക്കേണ്ടി വരുമെന്ന് വിദഗ്ദ്ധര്‍. രേഖയുടെ ആധികാരികത പരിശോധിക്കണമെന്നു പന്തളം കൊട്ടാരം ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. വ്യാജരേഖ പ്രചരിപ്പിച്ചു ഹിന്ദുക്കള്‍ക്കിടയില്‍ ജാതീയ സ്പര്‍ധ സൃഷ്ടിക്കാനുള്ള ശ്രമമാണു നടന്നതെന്നും ഇതന്വേഷിച്ചു സത്യം പുറത്തു കൊണ്ടു വരണമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്കും പരാതി ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഇതുവരേയും പൊലീസ് എഫ് ഐ ആര്‍ ഇട്ടിട്ടില്ല. ഉന്നത നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇതെന്നാണ് സൂചന. അതിനിടെ പുതിയ വെളിപ്പെടുത്തലുകളും ചെമ്പോലയില്‍ എത്തുന്നുണ്ട്. തല്‍ക്കാലം ശബരിമല കേസ് പൊലീസ് ഓപ്പണ്‍ ചെയ്യില്ല. കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നാണ് പൊലീസിന് കിട്ടിയ നിര്‍ദ്ദേശം. 24 ന്യൂസിനെ പ്രതിയാക്കി കേസും എടുക്കില്ല. കോടതി നിര്‍ദ്ദേശം ഉണ്ടെങ്കില്‍ മാത്രം ഇതു മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. ദേശാഭിമാനിയും ഇതേ വാര്‍ത്ത നല്‍കിയ സാഹചര്യത്തില്‍ കൂടിയാണ് ഇത്.
350ലേറെ വര്‍ഷം പഴക്കം അവകാശപ്പെടുന്ന രേഖ ഉദ്ധരിച്ച് ശബരിമല ദ്രാവിഡ ആരാധനാലയമായിരുന്നെന്നും യുവതീപ്രവേശനത്തിന് വിലക്കില്ലെന്നും 2018 ഡിസംബറില്‍ പാര്‍ട്ടി പത്രത്തിലും 24 ന്യൂസ് ചാനലുകളിലും വാര്‍ത്ത വന്നു. ചീരപ്പന്‍ചിറ ഈഴവകുടുംബത്തിനും മലയരയ സമുദായത്തിനും ക്ഷേത്രാചാരങ്ങളില്‍ അധികാരമുണ്ടെന്നും പറഞ്ഞിരുന്നു. മോന്‍സന്റെ ശേഖരത്തിലുള്ളത് പന്തളം കൊട്ടാരത്തിന്റെ തീട്ടൂരമെന്ന് പരാമര്‍ശിച്ചായിരുന്നു ഇത്. ചരിത്രകാരനായ ഡോ.എം.ആര്‍.രാഘവവാര്യര്‍ അഭിപ്രായം പറയുകയും ചെയ്തു.
ശബരിമലയിലെ അവകാശത്തര്‍ക്കം സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വവും അയ്യപ്പനെ കളരിമുറകള്‍ അഭ്യസിപ്പിച്ച ചീരപ്പന്‍ചിറ കുടുംബക്കാരും തമ്മില്‍ നടന്ന വ്യവഹാരത്തില്‍ ഹൈക്കോടതിയില്‍ ഒരു ചെമ്പോല തെളിവായി എത്തിയിരുന്നു. 1960കളിലും എഴുപതുകളുടെ ആദ്യവുമായിരുന്നു കോടതി വ്യവഹാരം. അന്ന് ഹാജരാക്കപ്പെട്ട ചെമ്പോലയും ഇപ്പോള്‍ ദേശാഭിമാനിയും 24 ന്യൂസും ശബരിമലയുടെ അവകാശം സംബന്ധിച്ച് തെളിവായി അവതരിപ്പിച്ച ചെമ്പോലയും ഒന്നു തന്നെയാണോ എന്ന് സംശയം ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
യഥാര്‍ത്ഥ അവകാശികളെ സംബന്ധിച്ച് പന്തളം രാജകുടുംബത്തിന്റേതെന്ന പേരില്‍ മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് ലഭിച്ച, മൂന്നരപ്പതിറ്റാണ്ട് പഴക്കമുള്ള ചെമ്പോല പ്രമാണം മുന്‍നിര്‍ത്തി ദേശാഭിമാനി 2018ല്‍ നല്കിയ വാര്‍ത്തയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അതേ ചെമ്പോല തന്നെയാണോ അരനൂറ്റാണ്ട് മുമ്പ് ഹൈക്കോടതിയില്‍ എത്തിയ ചെമ്പോല എന്ന സംശയമാണ് ഉയരുന്നത്. അന്ന് ഹാജരാക്കിയ ചെമ്പോല വ്യാജമാണെന്ന് അത് പരിശോധിച്ച എപ്പിഗ്രാഫിസ്റ്റും ഭാഷാപണ്ഡിതനുമായ വി.ആര്‍. പരമേശ്വരന്‍ പിള്ള വെളിപ്പെടുത്തിയിരുന്നു.
ചരിത്രകാരനായ പ്രൊഫ. എ. ശ്രീധരമേനോനെയും വി.ആര്‍. പരമേശ്വരന്‍ പിള്ളയെയുമായിരുന്നു ചെമ്പോലയുടെ ആധികാരികത പരിശോധിക്കാന്‍ നിയോഗിച്ചിരുന്നത്. ചെമ്പോല വ്യാജമായിരുന്നു എന്ന ഇവരുടെ കണ്ടെത്തല്‍ സംബന്ധിച്ച് അക്കാലത്തെ പത്രങ്ങളിലൂടെ നാടന്‍കലാ ഗവേഷകനായ സി.എം.എസ് ചന്തേര പ്രതികരിച്ചിരുന്നതായി ചന്തേരയുടെ മകന്‍ ഡോ. സഞ്ജീവന്‍ അഴീക്കോട് ഫെയ്‌സ് ബുക്കില്‍ എഴുതുന്നു.ആ ചെമ്പോല നിര്‍മ്മിച്ചത് ആരാണെന്ന് പുരാവസ്തു ഗവേഷകനായ ഡോ. എം.ജി. ശശിഭൂഷണ്‍ ഒരിക്കല്‍ പരേമേശ്വരന്‍ പിള്ളയോട് ചോദിച്ചപ്പോള്‍ വട്ടെഴുത്തില്‍ വിദഗ്ധനായ ഒരാളുടെ പേര് അദ്ദേഹം പറഞ്ഞെന്നും ഡോ. സഞ്ജീവന്‍ വിശദീകരിക്കുന്നു.
പതിറ്റാണ്ടുകള്‍ക്ക് ശേഷം ദേശാഭിമാനിയും 24 ന്യൂസും വാര്‍ത്തയില്‍ ഉദ്ധരിച്ച ചെമ്പോല ഇതു തന്നെയാണോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ഡോ. സഞ്ജീവന്‍ ആവശ്യപ്പെടുന്നു.പുരാതന രേഖകളും പുരാവസ്തുക്കളും വ്യാജമായി നിര്‍മ്മിക്കുകയും അത് കോടതി വ്യവഹാരങ്ങളിലും മറ്റും ഹാജരാക്കുന്നതും പതിറ്റാണ്ടുകള്‍ക്ക് മുമ്പേ നടന്നിരുന്ന കാര്യമാണ്. മോന്‍സണില്‍ നിന്ന് ലഭിച്ച ചെമ്പോല സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കുകയും പരാമര്‍ശിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, ആ ചെമ്പോല അറുപതുകളില്‍ നിര്‍മ്മിച്ച വ്യാജ ചെമ്പോലതന്നെയാണെന്ന് തെളിയുന്ന പക്ഷം സംസ്ഥാന സര്‍ക്കാരും വെട്ടിലാകും.
തന്നെ കാണിച്ച ചെമ്പു തകിടിലുള്ള രേഖയുടെ ആധികാരികത പരിശോധിക്കപ്പെട്ടതല്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചിരുന്നു. 24 ന്യൂസാണ് ഈ വാര്‍ത്ത നല്‍കിയത്. ചെമ്പോല ഉയര്‍ത്തിക്കാട്ടുന്നത് സഹീന്‍ ആന്റണിയാണ്. വാര്‍ത്തയില്‍ എവിടേയും മോന്‍സണ്‍ മാവുങ്കല്‍ ഇത് തന്റെ ശേഖരത്തില്‍ ഉള്ളതാണെന്ന് അവകാശപ്പെട്ടിട്ടില്ല. റിപ്പോര്‍ട്ടറാണ് അങ്ങനെ പറയുന്നത്. ഈ സാഹചര്യത്തില്‍ മോന്‍സണെ ഈ കേസില്‍ പ്രതിയാക്കാന്‍ കഴിയുമോ എന്ന ചര്‍ച്ചയും സജീവമാണ്.
Post Your Comments