ദുബായ്: ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ ഒക്ടോബർ 25 ന് ആരംഭിക്കും. ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശന നിരക്ക് വർധിപ്പിച്ചു. പ്രവേശന ടിക്കറ്റുകൾക്ക് 5 ദിർഹമാണ് വർധിപ്പിച്ചത്. അതേസമയം ഓൺലൈനിലൂടെ ടിക്കറ്റ് വാങ്ങുമ്പോൾ പഴയ നിരക്ക് തന്നെയായിരിക്കും. ഓൺലൈനിലൂടെ ടിക്കറ്റെടുക്കുന്നവർക്ക് മുൻ വർഷങ്ങളിലെ നിരക്കായ 15 ദിർഹം തന്നെ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
പരിസ്ഥിതിക്ക് ഗുണകരമാകും വിധം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് ഓൺലൈനിലൂടെയുള്ള ടിക്കറ്റുകൾക്ക് വില വർധിപ്പിക്കാത്തത്. ഗ്ലോബൽ വില്ലേജ് മൊബൈൽ ആപ്പ് ഉപയോഗിക്കുന്നവർക്ക് മറ്റ് ചില പ്രത്യേകതകളും ലഭിക്കും. പുതിയ സീസണിന്റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് ഉടൻ തന്നെ അധികൃതർ വെളിപ്പെടുത്തുന്നതായിരിക്കും.
അടുത്തിടെ പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ഏറ്റവും മികച്ച കുടുംബാകർഷണമായി ഗ്ലോബൽ വില്ലേജിനെ തെരഞ്ഞെടുത്തിരുന്നു. 2021-ൽ മിഡിൽ ഈസ്റ്റിലെ മികച്ച കുടുംബ ആകർഷണമായാണ് ഗ്ലോബൽ വില്ലേജിനെ തെരഞ്ഞെടുത്തത്. ഇന്റർനാഷണൽ ട്രാവൽ അവാർഡ് 2021 ആണ് ഗ്ലോബൽ വില്ലേജിനെ തെരഞ്ഞെടുത്തത്.
Post Your Comments