കൊച്ചി : സംസ്ഥാനത്ത് ഏറെ വിവാദമായ പുരാവസ്തു തട്ടിപ്പ് കേരളത്തിന് പുറത്തേയ്ക്കും. ബംഗളൂരുവിലെ വാഹനവില്‍പ്പനക്കാരനെ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കല്‍ കബളിപ്പിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പണം തരാമെന്ന് പറഞ്ഞ് ബെന്‍സ്, ബിഎംഡബ്ല്യു, പോര്‍ഷെ തുടങ്ങിയ കാറുകളാണ് ത്യാഗരാജന്‍ എന്നയാളില്‍ നിന്ന് മോന്‍സണ്‍ വാങ്ങിയത്.
Read Also : ‘മാര്‍ക്കറ്റില്‍കിട്ടുന്ന പല മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നാക്കി നല്‍കി, കോസ്മറ്റോളജിസ്റ്റല്ല’
ബംഗളൂരുവില്‍ കോര്‍പറേഷന്‍ സര്‍ക്കിളില്‍ പഴയ ആഡംബരകാറുകള്‍ വില്‍പന നടത്തുന്ന ആളാണ് ത്യാഗരാജന്‍. വെറും അഞ്ഞൂറ് രൂപ മാത്രം നല്‍കിയാണ് ഏഴ് ആഡംബര കാറുകള്‍ ത്യാഗരാജനില്‍ നിന്നും മോന്‍സന്‍ സ്വന്തമാക്കിയത്. റേഞ്ച് റോവര്‍ വാങ്ങാനാണ് മോന്‍സന്‍ ആദ്യം ത്യാഗരാജന്റെ ഗ്യാരേജില്‍ എത്തിയത്. ഇതിന് 5 ലക്ഷം രൂപ നല്‍കുകയും ബാക്കിയുള്ളവയ്ക്ക് വെറും 500 രൂപ അഡ്വാന്‍സ് മാത്രം നല്‍കി. പിന്നീട് പണം ചോദ്യക്കുമ്പോഴൊക്കെ അക്കൗണ്ടില്‍ മരവിപ്പിച്ച കോടിക്കണക്കിന് രൂപയുടെ കഥ പറഞ്ഞാണ് ത്യാഗരാജനെയും മോന്‍സണ്‍ ചതിയില്‍ വീഴ്ത്തിയത്. മോന്‍സന്‍ വാങ്ങിയ കാറുകള്‍ക്കെല്ലാം കൂടി ഏകദേശം രണ്ടുകോടിയോളം രൂപ വരുമെന്നാണ് ത്യാഗരാജന്റെ വെളിപ്പെടുത്തല്‍.
മോന്‍സന്റെ ലാപ്ടോപ്പും നോട്ടെണ്ണല്‍ യന്ത്രവും ഘടിപ്പിച്ച ലിമോസ് കാറിന് ഇന്‍ഷുറന്‍സ് പോലുമില്ല. ഇയാളുടെ ഏഴ് വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകളും വ്യാജമാണ്. റേഞ്ച് റോവറിന്റെ വിശദാംശങ്ങളൊന്നും പരിവാഹന്‍ വെബ്സൈറ്റിലില്ല. ഫെരാരി രൂപമാറ്റം വരുത്തിയതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആഡംബര കാറുകള്‍ മുറ്റത്ത് നിരത്തിയിട്ട് വലിയ സെറ്റപ്പെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു മോന്‍സന്റെ ലക്ഷ്യം.
Post Your Comments