തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ചിത്രവുമായി ചേര്‍ത്ത് തന്റെ ചിത്രം പ്രചരിപ്പിച്ചതായി എം. സ്വരാജ്. നടന്‍ മമ്മൂട്ടിക്കൊപ്പമുള്ള സ്വരാജിന്റെ ചിത്രമാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഉദയംപേരൂരില്‍ എത്തിയ മമ്മൂട്ടിയെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് സന്ദര്‍ശിച്ചിരുന്നതായി സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ആ സമയത്ത് എടുത്ത ചിത്രമാണ് മോന്‍സന്‍ മാവുങ്കലിന്റെ ചിത്രവുമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്നതെന്നും നിയമ നടപടി സ്വീകരിക്കുമെന്നും സ്വരാജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,
തരംതാഴ്ന്ന പ്രചാരവേലകള്‍ തിരിച്ചറിയുക..
ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഉദയംപേരൂരില്‍ എത്തിയ ശ്രീ. മമ്മൂട്ടിയെ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് ആരോ എടുത്ത ഒരു ചിത്രമാണ് ഇപ്പോള്‍ മോര്‍ഫ് ചെയ്ത് തട്ടിപ്പു കേസിലെ പ്രതിയ്‌ക്കൊപ്പമാക്കി പ്രചരിപ്പിക്കുന്നത്. ഇത്തരം ഹീന മനസുള്ളവരാണ് നമ്മുടെ മറുപക്ഷത്തുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന വസ്തുത ദുഃഖകരമാണ്. ഇവരോടൊക്കെ എങ്ങനെയാണ് സംവദിയ്ക്കുക ?
ബഹു.വിദ്യാഭ്യാസ മന്ത്രി സ.വി.ശിവന്‍കുട്ടി ചലച്ചിത്ര താരം ശ്രീ. ബൈജുവിനൊപ്പം നില്‍ക്കുന്ന ചിത്രവും ഇത്തരത്തില്‍ തല മാറ്റി പ്രചരിപ്പിച്ചതായി കണ്ടു. തട്ടിപ്പുകാരന്റെ വീട്ടില്‍ സ്ഥിരം കയറിയിറങ്ങി കണ്ണും , തൊലിയുമൊക്കെ ചികിത്സിച്ച നേതാവിനെ രക്ഷിച്ചെടുക്കാന്‍ എന്ത് ന്യായീകരണം വേണമെങ്കിലും പറഞ്ഞു കൊള്ളുക. പക്ഷേ ഇത്തരം മോര്‍ഫിങ്ങ് കലാപരിപാടികളും, ഇതൊക്കെ ഷെയര്‍ ചെയ്യുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. നിയമ നടപടി സ്വീകരിയ്ക്കും.
Post Your Comments