കൊച്ചി: ശബരിമല വിഷയത്തിൽ ചില മാധ്യമ സ്ഥാപനങ്ങൾ ചിലരുമായി ചേർന്നു ഗൂഢാലോചന നടത്തിയെന്നും പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി യുവമോർച്ച രംഗത്ത്. ശബരിമല വിഷയം ഉൾപ്പെടെയുള്ളവയിൽ ഒരു മാധ്യമപ്രവർത്തകൻ പുറത്തുവിട്ട വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ചർച്ച ആയിരുന്നു. ഈ വിഷയത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണ ആവശ്യപ്പെട്ടു.
കൊച്ചിയിലെ ഈ മാധ്യമ പ്രവർത്തകന് ഇത്രയധികം പണം എങ്ങനെ കിട്ടി എന്നും അടിമുടി ദുരൂഹത നിറഞ്ഞ സംഭവത്തിൽ പ്രത്യേക അന്വേഷണം വേണം എന്നും പ്രഫുൽ കൃഷ്ണ പറഞ്ഞു. മോൻസൺ മാവുങ്കലിന്റെ ഇടപാടുകളിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും കേന്ദ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി തന്നെ കേന്ദ്രസർക്കാറിനോട് രേഖാമൂലം ആവശ്യപ്പെടണം എന്നും യുവമോർച്ച വ്യക്തമാക്കി.
മുൻ ഡിജിപി ലോക്നാഥ് ബെഹ്റയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ ഇതിനകം പുറത്തുവന്നതാണ്. അതിനാൽ സംസ്ഥാന പോലീസ് അന്വേഷിച്ചാൽ ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങൾ പുറത്തു വരില്ല എന്നും യുവമോർച്ച ചൂണ്ടിക്കാട്ടുന്നു. നിലവിൽ പുറത്തുവരുന്ന വിവരം അനുസരിച്ച് മോൻസൺ മാവുങ്കലിന് കോടിക്കണക്കിന് രൂപയുടെ പണമാണ് എത്തിയിട്ടുള്ളത്. എന്നാൽ ഇപ്പോൾ അക്കൗണ്ടിൽ 200 രൂപ മാത്രമാണ് ഉള്ളത് എന്നാണ് പറയുന്നത്. ബാക്കി പണം എവിടെ പോയി എന്ന് കണ്ടെത്തണം എന്നും യുവമോർച്ച ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണെന്നും യുവമോർച്ച ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ ഭരണത്തിൽ ഇടപെടുന്നത് അവതാരങ്ങൾ ആണെന്നും മുഖ്യമന്ത്രിയുടെ കീഴിൽ ആണ് ഇത്തരം അവതാരങ്ങൾ വരുന്നതെന്നും യുവമോർച്ച ആരോപിച്ചു. സംസ്ഥാനത്ത് ഇന്റലിജൻസ് സംവിധാനം ഉറങ്ങുകയാണോ എന്നും യുവമോർച്ച നേതാക്കൾ പരിഹസിച്ചു. അനിത പുല്ലയിലിന് പോലീസുകാരുമായുള്ള ബന്ധവും ഹവാല ഇടപാടുകളിൽ അനിതക്കുള്ള പങ്കും അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നും എന്നും യുവമോർച്ച നേതാക്കൾ ആവശ്യപ്പെട്ടു.
Post Your Comments