മാവേലിക്കര: മദ്യലഹരിയില്‍ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്ത് മുറിച്ച് മകന്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ചെട്ടികുളങ്ങര ഈരേഴവടക്ക് നാമ്പോഴില്‍ പരേതനായ അച്യുതന്‍പിള്ളയുടെ മകന്‍ ഫോട്ടോഗ്രാഫറായ സുരേഷ്‌കുമാറാ(49)ണ് വീടിനും വാഹനത്തിനും തീയിട്ട ശേഷം അമ്മ രുഗ്മിണിയമ്മ(85)യുടെ കഴുത്തറുത്തത്. ആഴത്തില്‍ മുറിവേറ്റ രുഗ്മിണിയമ്മ ഗുരുതരാവസ്‌ഥയില്‍ ചികിത്സയിലാണ്. സ്‌കൂട്ടറിനും വീടിനും തീയിട്ടതറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും സ്‌ഥലത്തെത്തിയപ്പോള്‍ സുരേഷ് അമ്മയുടെ കഴുത്തില്‍ കത്തി വച്ചൂ ഭീഷണിപ്പെടുത്തി.
സേനാംഗങ്ങള്‍ അടുത്തേക്ക് എത്തുന്നതിനിടെ ഇയാള്‍ അമ്മയുടെ കഴുത്തറക്കുകയും സ്വന്തം കഴുത്തറത്ത് ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയും ചെയ്‌തു. പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് സുരേഷിനെ കീഴ്‌പ്പെടുത്തിയ ശേഷം ഇരുവരെയും തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതരാവസ്ഥയായതിനാൽ രുഗ്മിണിയമ്മയെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും സുരേഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്കും മാറ്റി.ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം.
വീട്ടുവഴക്കിനെ തുടര്‍ന്ന് സുരേഷ് ആദ്യം സ്‌കൂട്ടറിന് തീയിട്ടു. തുടര്‍ന്ന് വീടിനും തീയിട്ടു. ഇതുകണ്ടു നിന്ന നാട്ടുകാര്‍ പോലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിച്ചു. അമ്മയുടെ കഴുത്തില്‍ കത്തി വച്ചത് കണ്ടവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അസഭ്യം പറഞ്ഞ് ഭീഷണി തുടര്‍ന്നു. അഗ്നിരക്ഷാസേനാ ഉദ്യോഗസ്‌ഥര്‍ ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഒരു ഉദ്യോഗസ്‌ഥര്‍ അവിടെയുണ്ടായിരുന്ന അതിര്‍ത്തി കല്ലില്‍ തട്ടി വീണു. ഇതിനിടെ സുരേഷ് അമ്മയുടെ കഴുത്ത് അറുക്കുകയുമായിരുന്നു.
വീട്ടുവഴക്കിനെ തുടര്‍ന്ന് സുരേഷിന്റെ ഭാര്യ അര്‍ച്ചനയും മകന്‍ ശരത്‌ദേവും അര്‍ച്ചനയുടെ വീട്ടിലാണ് താമസം. സുരേഷിന്റെ കമ്പ്യൂട്ടറുകള്‍, അനുബന്ധ ഉപകരണങ്ങള്‍, സ്‌കൂട്ടര്‍, വീട്ടുപകരണങ്ങള്‍ എന്നിവ കത്തി നശിച്ചു. സുരേഷ്‌കുമാറിന്റെ കഴുത്തിലെ മുറിവ് സാരമുള്ളതല്ലെന്ന് പൊലീസ് പറഞ്ഞു.മദ്യലഹരിയിലായിരുന്നു സുരേഷെന്ന് പൊലീസ് പറയുന്നു. മാവേലിക്കര പൊലീസ് കേസെടുത്തു.
Leave a Comment