തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാറിന് അധ്യാപക – യുവജനസംഘടനകളുടെ പൂര്‍ണപിന്തുണ ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒക്ടോബര്‍ 20 മുതല്‍ 30 വരെ സ്കൂളുകളില്‍ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം, അണുനശീകരണം, കാടുവെട്ടിത്തെളിക്കല്‍ തുടങ്ങിയവ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. സ്കൂളുകള്‍ കേന്ദ്രീകരിച്ചു രൂപീകരിക്കുന്ന ജനകീയ സമിതികളുടെ നേതൃത്വത്തില്‍ ആകും ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ഗാന്ധിജയന്തി ദിനത്തില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സ്കൂളുകളും കേന്ദ്രീകരിക്കണം എന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
കുട്ടികള്‍ക്ക് ആവശ്യമായ മാസ്ക്, തെര്‍മല്‍ സ്കാനര്‍, പള്‍സ് ഓക്സിമീറ്റര്‍, സാനിറ്റൈസര്‍ എന്നിവ സ്കൂളുകളില്‍ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു. ഇതിനുവേണ്ടിയുള്ള ക്രമീകരണങ്ങള്‍ ജനകീയ സമിതികളുടെ നേതൃത്വത്തില്‍ നടത്തും. അധ്യാപകരും രക്ഷിതാക്കളും സ്കൂള്‍ ജീവനക്കാരും രണ്ടു ഡോസ് കോവിഡ് വാക്സിന്‍ നിര്‍ബന്ധമായും എടുത്തു എന്ന് ഉറപ്പു വരുത്തണം.
38 അധ്യാപക സംഘടനകളും 19 യുവജനസംഘടനകളും വിദ്യാഭ്യാസ വകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു. സ്കൂളുകള്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗവും വിളിച്ചുചേര്‍ക്കും. 3.30ന് തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വൈകുന്നേരം അഞ്ചിന് മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയവരുടെ യോഗം ചേരും. ആറുമണിക്ക് ഡിഡിഇ, ആര്‍ഡിഇ, എഡിഇ എന്നിവരുടെ യോഗമുണ്ടാകും.
Post Your Comments