തിരുവനന്തപുരം: സുഹൃത്തും സഹപാഠിയുമായ കനയ്യകുമാറിനെ വിമർശിച്ച് പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ രംഗത്ത്. രാഹുല്‍ ഗാന്ധിയെ രക്ഷപ്പെടുത്തുന്നതിന് പ്രത്യുപകാരമായി ഭാവി ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനവും കൂടെയുള്ളവര്‍ക്കുള്ള പദവിയുമെല്ലാം വാഗ്ദാനങ്ങളായിരിക്കാമെന്നായിരുന്നു മുഹ്സിൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. എന്തായാലും കനയ്യ കുമാറിന്‍റ വരവോടെ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും രക്ഷപ്പെടുമെങ്കില്‍ രക്ഷപ്പെടട്ടെ, രാഹുല്‍ഗാന്ധിക്കും സുഹൃത്തിനും ആശംസകളെന്നും മുഹ്സിൻ പറയുന്നു.
‘കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പത്തു തവണയാണ് രാഹുല്‍ഗാന്ധിയും കൂട്ടരും കനയ്യയെ കണ്ടത്. കൂടെയുള്ള പലരെയും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ കഴിയാത്ത രീതിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിലാണ് എന്നതും നിരവധിതവണ രാഹുലും ടീമും കനയ്യയോട് പറഞ്ഞിട്ടുണ്ട്. രാഹുലിനും കോണ്‍ഗ്രസിനും വേണ്ടത് കനയയുടെയും ജിഗ്നേഷ് മേവാനിയുടെയും ക്രൗഡ് പുള്ളര്‍ ഇമേജ് മാത്രമാണ്’, മുഹ്സിൻ വിമർശിക്കുന്നു.
‘തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കൂടി ഇടപെടുന്ന പാര്‍ട്ടികള്‍ എന്ന നിലക്ക്, കനയ്യയെ പോലെ ജനപിന്തുണയുള്ള യുവാക്കളെ ഇടതുപക്ഷത്ത് പിടിച്ച് നിര്‍ത്താന്‍ കഴിയാത്തത് എന്ത് കൊണ്ടാണെന്ന് സ്വയം ചോദിക്കണം. രാജ്യത്തെ പുതിയ വെല്ലുവിളികളെ നേരിടാന്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യവും പുനരേകീകരണവും കാലഘട്ടത്തിന്റെ ആവശ്യകതയാണ്’ എന്നും മുഹ്സിൻ തന്റെ ഫേസ്ബുക് കുറിപ്പിൽ കൂട്ടിച്ചേർത്തു.
Post Your Comments