കല്‍പ്പറ്റ: 52 വയസായിട്ടും തനിക്ക് ഇതുവരെ സ്വന്തമായി വീടില്ലെന്ന വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ ഹിറ്റായി മാറിയിരുന്നു. ഇത് വന്‍ ട്രോളുകള്‍ക്കാണ് വഴിവെച്ചത്. ഇതോടെ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപിയും രംഗത്ത് എത്തി.
വയനാട് എം.പിയായ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി വയനാട്ടില്‍ വീട് നിര്‍മ്മിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അപേക്ഷ നല്‍കി. ബിജെപി വയനാട് ജില്ലാ അദ്ധ്യക്ഷന്‍ കെപി മധുവാണ് കല്‍പ്പറ്റ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിക്കണമെന്നാണ് അപേക്ഷ. തനിക്ക് സ്വന്തമായ് ഭവനമില്ല എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിക്ക് വയനാട് ജില്ലയുടെ സിരാകേന്ദ്രമായ കല്‍പ്പറ്റയില്‍ തന്നെ പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി വീട് ലഭ്യമാക്കണമെന്ന് അപേക്ഷയില്‍ പറയുന്നു. വയനാട്ടില്‍ അവധിക്കാലം ചെലവഴിക്കാനെത്തുന്ന എംപിക്ക് സ്വന്തം വീടിന് അനുയോജ്യമായ സ്ഥലം വയനാട് തന്നെയാണെന്നും കെപി മധു അഭിപ്രായപ്പെട്ടു.
അമ്പത്തിരണ്ട് വയസ്സു കഴിഞ്ഞിട്ടും തനിക്ക് സ്വന്തമായി ഒരു വീടില്ലെന്ന് രാഹുല്‍ ഗാന്ധി റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇത് വന്‍ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് വീട് നിര്‍മ്മിച്ച് നല്‍കണം എന്ന് ആവശ്യപ്പെട്ട് ബിജെപി വയനാട് ജില്ലാ നേതൃത്വം കല്‍പ്പറ്റ മുനിസിപ്പാലിറ്റിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.
പ്ലീനറി സമ്മേളനത്തിലെ പ്രസംഗത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ സ്വത്തുവിവിരങ്ങള്‍ ബിജെപി സാമൂഹ്യമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഗുരുഗ്രാമില്‍ 8 കോടി വിലമതിക്കുന്ന കൊമേഷ്യല്‍ സ്പേസും ബാങ്ക് ബാലന്‍സും വിവിധ കമ്പനികളിലെ ഓഹരികളും ഉള്‍പ്പെട്ട വിവരങ്ങളാണ് തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നത്.
Post Your Comments