തുർക്കി: ഒരാളെ കാണാനില്ലെന്ന് പറഞ്ഞ് അയാൾ തന്നെ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം അന്വേഷണത്തിന് ഇറങ്ങിയാൽ എന്താകും അവസ്ഥ ? സംഭവം സത്യമാണ്, തുർക്കി സ്വദേശിയായ ബെയ്ഹാൻ മുട്ട്ലു എന്ന 50കാരനാണ് മദ്യപിച്ച് ലക്കുകെട്ട കാണാതായ തന്നെ തേടി പോലീസ് ഉദ്യോഗസ്ഥർക്ക് ഒപ്പം അന്വേഷണം നടത്തിയത്.
ബെയ്ഹാൻ മുട്ട്ലു സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച ശേഷം ഇനെഗൽ നഗരത്തിനടുത്തുള്ള കയാക്ക ഗ്രാമപ്രദേശത്ത് നിന്നാണ് കാണാതായത്. മദ്യലഹരിയിൽ ഇയാൾ കാട്ടിലൂടെ അലഞ്ഞു തിരിയുകയായിരുന്നു, തുടർന്ന് ഇയാൾ തിരിച്ചെത്താത്തതോടെ സുഹൃത്തുക്കൾ പോലീസിനെ വിവരമറിയിച്ചു.
പോലീസ് ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. വനമേഖലയിൽ മുട്ട്ലുവിന്റെ പേര് വിളിച്ചാണ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയത്. എന്നാൽ മദ്യ ലഹരിയിൽ സ്വന്തം പേര് പോലും മറന്നുപോയ ഇയാൾ പോലീസിനൊപ്പം ‘സ്വയം അന്വേഷിച്ച്’ നടക്കാൻ തുടങ്ങി.
ഏറെ സമയത്തിന് ശേഷം ഉദ്യോഗസ്ഥർ വീണ്ടും ബെഹാൻ മുട്ട്ലു എന്ന് വിളിക്കുന്നത് കേട്ടപ്പോൾ, ‘ഞാൻ ഇവിടെയുണ്ട്,’ എന്ന് അയാൾ നിസ്സംഗതയോടെ പറയുകയും ചെയ്തു. ഒടുവിൽ തിരച്ചിലിനെക്കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കി, കാണാതായയാളെ പോലീസുകാർ വീട്ടിലെത്തിച്ചു.
Post Your Comments