കൊച്ചി: പുരാവസ്തുവ്യാപാരമെന്ന കേസിൽ കോടികള്‍ തട്ടിയ കേസിൽ അറസ്റ്റിലായ മോൺസൻ മാവുങ്കൽ ക്രൈം ബ്രാഞ്ചിനു നല്‍കിയ മൊഴി പുറത്ത്. പുരാവസ്തുക്കള്‍ എന്ന വ്യാജേന ഇയാള്‍ പ്രദര്‍ശിപ്പിച്ചിരുന്നവയിൽ പല സാധനങ്ങളും ആലപ്പുഴയിലും എറണാകുളത്തും നിര്‍മിച്ചവയാണെന്നാണ് വിവരം. ക്രൈം ബ്രാഞ്ച് വൃത്തങ്ങളെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴ ജില്ലയിലെ പൂച്ചാക്കൽ, എറണാകുളം മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ വ്യക്തികളെക്കൊണ്ട് നിര്‍മിച്ച സാധനങ്ങളാണ് പുരാവസ്തുക്കള്‍ എന്ന വ്യാജേന ഇയാള്‍ കലൂരിലെ വീട്ടിൽ വെച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇയാള്‍ക്ക് വ്യാജ പുരാവസ്തുക്കള്‍ നിര്‍മിച്ചു നല്‍കാൻ സഹായിച്ചവരിൽ പലരും ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. മോൺസൺ മാവുങ്കൽ പണം തട്ടിയെന്നു കാണിച്ച് കൂടുതൽ പേര്‍ രംഗത്തു വരുന്നതിനിടെയാണ് മൊഴി സംബന്ധിച്ച വിവരങ്ങളും പുറത്തു വരുന്നത്. നിര്‍മാണത്തിനു ശേഷം ഇവ പുരാവസ്തുക്കളാണെന്ന പ്രതീതി വരുത്താനായി പഴക്കം തോന്നിക്കാൻ ചില ജോലികളും ഇവയിൽ ചെയ്തിരുന്നു. ഇതിനു ശേഷമാണ് കൊച്ചിയിൽ കലൂര്‍ ആസാദ് റോഡിലെ വീട്ടിൽ തയ്യാറാക്കിയ മ്യൂസിയത്തിൽ ഇവ സൂക്ഷിച്ചത്. പല വസ്തുക്കള്‍ക്കും നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നായിരുന്നു ഇവിടെ സന്ദര്‍ശനത്തിനെത്തിയവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.
കൂടാതെ ഇയാള്‍ വിവിധ വ്യക്തികളിൽ നിന്ന് പണം തട്ടാനായി എച്ച്എസ്ബിസി ബാങ്കിൻ്റെ പേരിൽ വ്യാജരേഖ ചമച്ചതായും കണ്ടെത്തിയിട്ടണ്ട്. ഇയാളുടെ കീഴിലുള്ള കലിംഗ കല്യാൺ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിൻ്റെ പേരിലുള്ള അക്കൗണ്ടിലേയ്ക്ക് 2.62 ലക്ഷം കോടി രൂപയ്ക്ക് തുല്യമായ തുക ലണ്ടനിൽ നിന്ന് എത്തിയിട്ടുണ്ടെന്നു വിശ്വസിപ്പിക്കാനായിരുന്നു വ്യാജരേഖ ചമച്ചത്. ഈ രേഖയാണ് തട്ടിപ്പിന് ഉപയോഗിച്ചത്. പുരാവസ്തു വിൽപനയുമായി ബന്ധപ്പെട്ട് വൻതുക അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും എന്നാൽ വിദേശനാണ്യമാറ്റ നിയമം മൂലം ഈ തുക കുരുങ്ങിക്കിടക്കുന്നതിനാൽ തനിക്ക് താത്കാലികമായി ചില സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടെന്നുമായിരുന്നു ഇയാള്‍ ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നത്.
ഇതിൻ്റെ മറവിലായിരുന്നു ഇയാള്‍ കോടികള്‍ തട്ടിയതെന്നാണ് കേസ്. അതേസമയം, എച്ച്എസ്ബിസി ബാങ്കിൽ ഇയാള്‍ക്ക് അക്കൗണ്ട് പോലും ഉണ്ടായിരുന്നില്ലെന്നാണ് മറ്റു ചില റിപ്പോര്‍ട്ടുകള്‍.അതേസമയം, നടൻ ബാലയ്ക്ക് മോൺസൻ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. മോൺസണും ബാലയും ചില യൂട്യൂബ് വീഡിയോകളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ ഇരുവരും ചേര്‍ന്നുള്ള നിരവധി ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലുണ്ട്.
മോൺസൻ്റെ ഡ്രൈവറായിരുന്ന അജിത് എന്നയാളെ കള്ളക്കേസിൽ കുടുക്കിയെന്നും ഇതിനെതിരെ അജിത് നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാൻ ബാല ഇടപെട്ടെന്നുമുള്ള റിപ്പോര്‍ട്ടും മാതൃഭൂമി പുറത്തു വിട്ടിട്ടുണ്ട്. അജിത്തുമായി ബാല സംസാരിക്കുന്നതിൻ്റെ ശബ്ദരേഖയാണ് വാര്‍ത്താ ചാനൽ പുറത്തു വിട്ടത്.
Post Your Comments