കൊച്ചി: മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാലയ്ക്കെതിരായ കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷക ഫാത്തിമ സിദ്ദിഖ്. കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും അഭിഭാഷക മാധ്യമങ്ങളോട് അറിയിച്ചു.
നോട്ടീസ് നൽകിയിരുന്നെങ്കിൽ ബാല സ്റ്റേഷനിൽ ഹാജരാകുമായിരുന്നെന്നും എന്നിട്ടും പൊലീസ് പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും ഇവർ പറയുന്നു. നടൻ ബാലയെ പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളം കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. പുലർച്ചെ വീട്ടിൽനിന്നാണ് ബാലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മുൻ ഭാര്യയായ ഗായികയും മകളും നൽകിയ പരാതിയിലാണ് അറസ്റ്റെന്ന് കടവന്ത്ര എസ്എച്ച്ഒ പറഞ്ഞു. സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, കുട്ടികളോട് ക്രൂരത കാട്ടൽ എന്നീ വകുപ്പുകളനുസരിച്ച് കേസെടുക്കാനുള്ള മൊഴികളാണ് പൊലീസിന് ലഭിച്ചത്.
സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുൻ പങ്കാളിയുമായുള്ള കരാർ ലംഘിച്ചതിനു ഐപിസി 406, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. ബാലയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
കുടുംബപ്രശ്നങ്ങളിൽ ചില പ്രതികരണങ്ങൾ ബാലയും മുൻ ഭാര്യയും സമൂഹമാധ്യമത്തിൽ നടത്തിയിരുന്നു. മകളുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളും സമൂഹമാധ്യമത്തിൽ ബാല നടത്തിയിരുന്നു. ഇരുവരുടെയും അഭിഭാഷകർ പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.
Post Your Comments