കൊച്ചി: കള്ളന്മാരെ പിടിക്കേണ്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കള്ളന്റെ വീടിന് സുരക്ഷ ഒരുക്കിയാലോ. പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ വീടുകള്‍ക്ക് പൊലീസ് സുരക്ഷയൊരുക്കാന്‍ ഡിജിപിയായിരിക്കെ ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചതായി വിവരം.
ആലപ്പുഴ എസ്പിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കുമാണ് 2019 ജൂണ്‍ 13ന് സുരക്ഷ ഒരുക്കാന്‍ നിര്‍ദ്ദേശിച്ച് ലോക്‌നാഥ് ബെഹ്‌റ കത്ത് നല്‍കിയത്. ചേര്‍ത്തലയിലെയും കൊച്ചിയിലെയും വീടുകള്‍ക്കാണ് പൊലീസ് സുരക്ഷ ഒരുക്കിയത്. അമൂല്യമായ പുരാവസ്തു ശേഖരമുള്ള മോന്‍സണ്‍ എഡിഷന്‍ എന്ന വീടിന് സുരക്ഷ ഒരുക്കണമെന്നാണ് ലോക്‌നാഥ് ബെഹ്‌റ കത്തില്‍ ആവശ്യപ്പെട്ടത്. നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊച്ചിയിലാണ് മോന്‍സണ്‍ എഡിഷന്‍ എന്ന വീട്.
ചേര്‍ത്തലയിലെ വീടിനും സുരക്ഷ ഒരുക്കാന്‍ സമാനമായ കത്ത് ലോക്‌നാഥ് ബെഹ്‌റ അയച്ചിരുന്നു. സുരക്ഷ ഒരുക്കിയെന്ന് ചൂണ്ടിക്കാട്ടി അതത് ജില്ലകളില്‍ നിന്നും തിരിച്ചും ഡിജിപിക്ക് കത്തയച്ചു. കഴിഞ്ഞ ദിവസം ബെഹ്‌റ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മോന്‍സനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
ലോക്‌നാഥ് ബെഹ്‌റ ടിപ്പുസുല്‍ത്താന്റെ സിംഹാസനത്തില്‍ ഇരിക്കുന്നതിന്റെയും എഡിജിപി മനോജ് എബ്രഹാം ഒരു വാളും പിടിച്ച് അടുത്തു നില്‍ക്കുന്ന ചിത്രവുമാണ് പുറത്തുവന്നത്. ബെഹ്റ ഇരുന്ന ടിപ്പുസുല്‍ത്താന്റെ സിംഹാസനം ചേര്‍ത്തലയില്‍ തന്നെ ഉണ്ടാക്കിയതാണ്. മനോജ് എബ്രഹാമിന്റെ കൈയിലിരുന്ന വാളും വ്യാജന്‍ തന്നെ.
Post Your Comments