Latest NewsNews

ഹൈടെക്ക് ആയുധങ്ങളുമായി 250ഓളം പൊലീസുകാരുടെ കാവലില്‍ അധോലോക ഗുണ്ടാ നേതാവ് സന്ദീപിന്റെയും അനുരാധയുടെയും വിവാഹം

ന്യൂഡല്‍ഹി: അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലെ പ്രമുഖനായ കാലാ ജതേദി എന്ന സന്ദീപും മറ്റൊരു കേസിലെ പ്രതിയായ അനുരാധയ്ക്കും പ്രണയ സാക്ഷാത്കാരം. ഡല്‍ഹിയിലെ ദ്വാരകയില്‍ അതീവ സുരക്ഷാ ക്രമീകരണങ്ങളോടെ മറ്റന്നാള്‍ ഇരുവരും മിന്നുകെട്ടും. ജയില്‍വാസത്തിനിടെ വിവാഹത്തിനായി 6 മണിക്കൂര്‍ പരോളാണ് കോടതി കാലാ ജദേജിക്ക് അനുവദിച്ചത്. 250 പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയിലാണ് വിവാഹം നടക്കുന്നത്.

Read Also: കടലാമയുടെ ഇറച്ചി കഴിച്ചു: 9 പേർക്ക് ദാരുണാന്ത്യം, 78 പേർ ആശുപത്രിയിൽ

ദ്വാരകയില്‍ വിരുന്നിനായി 51,000 രൂപയുടെ ഹാളാണ് ബുക്ക് ചെയ്തിരിക്കുന്നത്. കാലാ ജാദേതിയുടെ ഭാഗത്ത് നിന്നും 150ഓളം അതിഥികള്‍ ചടങ്ങിനെത്തും. അതേസമയം, അനുരാധയുടെ സഹോദരനും സഹോദരിയും ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹസമയത്ത് വെയിറ്റര്‍മാര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും പൊലീസ് പറയുന്നു. ഹൈടെക് ആയുധങ്ങളുമായി നൂറ് കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവാഹ മണ്ഡപത്തില്‍ അണിനിരക്കും. സ്‌പെഷ്യല്‍ സെല്‍, ക്രൈംബ്രാഞ്ച്, ഹരിയാനയിലെ സിഐഎ (ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സുരക്ഷാ സംഘമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സന്ദീപിന്റെ മുന്‍കാല റെക്കോര്‍ഡുകളുടെ പശ്ചാത്തലത്തില്‍ തന്ത്രപരമായ പദ്ധതിയാണ് ഡല്‍ഹി പൊലീസ് തയ്യാറാക്കിയിരിക്കുന്നത്.

ബോണീ, ക്ലൈഡ് എന്നീ ഇരട്ടപ്പേരുകളിലാണ് അനുരാധയും സന്ദീപും അറിയപ്പെടുന്നത്. പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്നതിനിടയ്ക്ക് 2020ലാണ് ഇവര്‍ പരിചയപ്പെടുന്നത്. ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളിലെ പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്നവരാണ് അനുരാധയും സന്ദീപും. സന്ദീപിനെ പിടികൂടുന്നവര്‍ക്ക് 7 ലക്ഷമാണ് ഡല്‍ഹി പൊലീസ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്. 2021ലാണ് ഇരുവരും അറസ്റ്റിലായത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ അനുരാധ സന്ദീപിനെ കാണുന്നത് തുടരുകയായിരുന്നു.

ലോറന്‍സ് ബിഷ്‌ണോയിയുടെ അനുവാദത്തോടെയാണ് വ്യത്യസ്ത സംഘത്തിലുള്ള ഇവരുടെ വിവാഹമെന്നാണ് വിവരം. 2017ല്‍ പൊലീസ് ഏറ്റുമുട്ടലില്‍ പങ്കാളിയായ ആനന്ദ്പാല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ അനുരാധ പിന്നീട് മറ്റൊരു സംഘത്തിനൊപ്പം ചേരുകയായിരുന്നു. രാജസ്ഥാനിലെ സികാറിലെ അല്‍ഫാസാര്‍ സ്വദേശിയാണ് അനുരാധ. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു അനുരാധയുടെ പിതാവ്. മിന്റു എന്ന ചെറുപ്പത്തിലെ ഓമനപ്പേര് അനുരാധ ഗുണ്ടാസംഘത്തിനൊപ്പം ചേര്‍ന്നതോടെ മാഡം മിന്‍സ് എന്നായി മാറുകയായിരുന്നു. ബിരുദപഠനത്തിന് പിന്നാലെ ഷെയര്‍മാര്‍ക്കറ്റിലൂടെ വലിയ കടക്കെണിയിലായ അനുരാധ പൊലീസ് സഹായം തേടിയെങ്കിലും ലഭിക്കാതെ വന്നതിന് പിന്നാലെ ഗുണ്ടാ സംഘത്തിന്റെ സഹായത്തോടെ കടം വീട്ടി മുഴുവന്‍ സമയം ക്രിമിനല്‍ സംഘ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button