ന്യൂഡൽഹി: കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരണവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന് രാജ അഭിപ്രായപ്പെട്ടു. വ്യക്തിപരമായ കാരണങ്ങളാൽ പാർട്ടി വിടുന്നുവെന്ന് കനയ്യ അറിയിക്കുകയായിരുന്നു. ആളുകൾ വരുകയും വഞ്ചിച്ച് പോകുകയും ചെയ്യുന്നുവെന്നും സിപിഐ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും ഡി രാജ പറഞ്ഞു.
‘പാർട്ടി വ്യക്താധിഷ്ഠിതമല്ല. അത്ഭുത വിദ്യയയിലൂടെയല്ല കനയ്യ നേതാവായത്. കമ്യൂണിസ്റ്റ് പാർട്ടിയാണ് ജെ എൻ യു സമരം ആരംഭിച്ചത്. സെപ്റ്റംബർ ആദ്യം ചേർന്ന സി പി ഐ ദേശീയ യോഗത്തിൽ കനയ്യ പങ്കെടുത്തിരുന്നു. ഒരു തരത്തിലുമുള്ള പ്രശ്നങ്ങളും കനയ്യ ഉയർത്തിയിരുന്നില്ല. അഭ്യൂഹം ഉണ്ടായപ്പോൾ പോലും പാർട്ടി വിടുന്ന കാര്യം കനയ്യ പറഞ്ഞില്ല. കനയ്യ സ്വയം പുറത്തു പോയതാണ്. കനയ്യ പാർട്ടിയോട് സത്യസന്ധത കാണിച്ചില്ല’- ഡി രാജ പറഞ്ഞു.
Read Also: മുൻ ഡിജിപിയടക്കം പ്രമുഖരെ കൈവെള്ളയിൽ അമ്മാനമാടിയ മോൻസൺ ട്രോളുകളുടെ രാജാവായി സോഷ്യൽ മീഡിയയിൽ
അതേസമയം, കനയ്യ പാർട്ടിയെ വഞ്ചിച്ചു എന്ന അഭിപ്രായം തനിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന രാജയുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. ‘കനയ്യയുടെ തീരുമാനം നിർഭാഗ്യകരമാണ്. സിപിഐ വിട്ട് കനയ്യ പോകില്ല എന്നാണ് കരുതിയത്. അങ്ങനെയാണ് സിപിഐ നേതൃത്വം തന്നോട് പറഞ്ഞത്. കനയ്യയ്ക്ക് ബിഹർ ഘടകവുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് പരിഹരിച്ചതുമാണ്. എന്നിട്ടും എന്തു കൊണ്ട് പാർട്ടി വിട്ടു പോയി എന്നറിയില്ല’- കാനം രാജേന്ദ്രൻ പ്രതികരിച്ചു.
Post Your Comments