തിരുവനന്തപുരം : പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനെ കോടികള്‍ തട്ടിയ മോന്സന് മാവുങ്കലിന്റെ പൊലീസ് ബന്ധത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ഐപിഎസ് തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കു മോന്‍സനുമായി ബന്ധമുള്ളതിന്റെ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് സാമ്പത്തിക ബന്ധം അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നത്. മോന്സന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തിയിരുന്നതിന്റെ വിവരങ്ങളും അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചു.
തട്ടിപ്പു കേസില്‍ മോന്‍സണെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്യുന്നതിനു മാസങ്ങള്‍ക്കു മുന്‍പു തന്നെ ഐബി ഇയാളെക്കുറിച്ചു വിശദമായി അന്വേഷിച്ചിരുന്നു. പ്രവാസികളില്‍ നിന്നടക്കം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തട്ടിപ്പുകാരനാണെന്നും സമൂഹത്തിലെ ഉന്നതരുമായി ബന്ധമുണ്ടെന്നുമായിരുന്നു കണ്ടെത്തല്‍. ഈ വിവരങ്ങള്‍ ഐബി കേരള പൊലീസിനു കൈമാറിയിരുന്നു. എന്നാല്‍, കൊച്ചിയില്‍ പ്രധാന തസ്തികകളില്‍ ജോലി ചെയ്യുന്ന ചില പൊലീസ് ഉദ്യോഗസ്ഥരുമായി മോന്‍സനുള്ള ബന്ധം തുണയായി.
മുന്നറിയിപ്പുകള്‍ അവഗണിച്ച ഉദ്യോഗസ്ഥര്‍ മോന്‍സന്റെ വീടിനു സുരക്ഷ ഒരുക്കുകയാണു ചെയ്തത്. ഡിജിപിയും ഐജിയും അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലും സാധാരണ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മോന്‍സനോടുള്ള കൂറ് വര്‍ദ്ധിപ്പിക്കുകയായിരുന്നു. മോന്‍സനില്‍നിന്ന് പൊലീസുകാര്‍ ആനുകൂല്യങ്ങള്‍ പറ്റുന്നതായി ഐബി നേരത്തേ കണ്ടെത്തിയിരുന്നു. ചിലര്‍ക്കു പുരാവസ്തുക്കളെന്ന പേരില്‍ ഉപഹാരങ്ങളും നല്കി. മോന്സന് പണം നല്കാനുള്ളവര് പ്രശ്നമുണ്ടാക്കിയപ്പോള്‍ മധ്യസ്ഥത വഹിച്ചത് ഉയര്‍ന്ന പൊലീസുകാരായിരുന്നു. മോന്‍സന്റെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ പൊലീസുകാരുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ വിശദമായി പരിശോധിക്കാനാണു കേന്ദ്ര ഏജന്‍സികളുടെ തീരുമാനം.
Post Your Comments