തിരുവനന്തപുരം: അന്താരാഷ്‌ട്ര ടൂറിസം ദിനത്തിൽ കേരളത്തിലെത്തുന്ന വിദേശികൾക്ക് സൗകര്യമൊരുക്കിയതിന് കേരള സർക്കാരിനും ടൂറിസം മന്ത്രിക്കും നന്ദി പറഞ്ഞ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ലോകത്തെങ്ങും കാണാൻ കിട്ടാത്ത കാഴ്ചകൾ ഒരുക്കിയാണ് സംസ്ഥാന സർക്കാർ ഇന്ന് വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പരിഹസിക്കുന്നു.
കേരളത്തിന്‍റെ തനത് കലാരൂപമായ ഹർത്താലിനെ എല്ലാ തനിമകളോടും കൂടി കാണാൻ അവസരം ഒരുക്കിയതിന് വിദേശികൾ അടക്കമുള്ള വിനോദ സഞ്ചാരികൾ കേരളാ സർക്കാരിന് നന്ദി പറഞ്ഞ് തെരുവിൽ ആടിപ്പാടുന്നതിന്‍റെ ദൃശ്യങ്ങൾ കൈരളി ചാനൽ പുറത്തു വിട്ടുവെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പരിഹസിക്കുന്നു. ഇത്രയധികം സാമൂഹ്യ പ്രതിബദ്ധതയുള്ള ദീർഘ ദർശിത്വമുള്ള നേതാക്കൻമാരെ ഭരണാധികാരികളായി കിട്ടിയതിൽ മലയാളികൾക്ക് അഭിമാനിക്കാമെന്നും സന്ദീപ് വാചസ്പതി പരിസാഹരൂപേണ കുറിച്ചു.
സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
കേരളാ സർക്കാരും സിപിഎമ്മും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ഒരു അഭിനന്ദനം അർഹിക്കുന്നു. അത് പറയാതിരിക്കാൻ സാധ്യമല്ല. അന്താരാഷ്ട്ര ടൂറിസം ദിനമായ ഇന്ന് കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികൾ ആഹ്ളാദ തിമിർപ്പിലാണ്. കാരണം ലോകത്തെങ്ങും കാണാൻ കിട്ടാത്ത കാഴ്ചകൾ ഒരുക്കിയാണ് സംസ്ഥാന സർക്കാർ ഇവരെ സ്വീകരിക്കുന്നത്. കേരളത്തിന്‍റെ തനത് കലാരൂപമായ ഹർത്താലിനെ എല്ലാ തനിമകളോടും കൂടി കാണാൻ അവസരം ഒരുക്കിയതിന് വിദേശികൾ അടക്കമുള്ള വിനോദ സഞ്ചാരികൾ കേരളാ സർക്കാരിന് നന്ദി പറഞ്ഞ് തെരുവിൽ ആടിപ്പാടുന്നതിന്‍റെ ദൃശ്യങ്ങൾ കൈരളി ചാനൽ പുറത്തു വിട്ടു. നന്ദി പിണറായി വിജയൻ, നന്ദി സിപിഎം, നന്ദി മുഹമ്മദ് റിയാസ്. കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ കിണഞ്ഞു പരിശ്രമിക്കുന്ന ജനങ്ങളെ, പ്രത്യേകിച്ച് ഹോട്ടൽ മേഖലയെ ഇങ്ങനെ കൈയ്യയച്ച് സഹായിക്കുന്നതിൽ വരും തലമുറകൾ പോലും നിങ്ങളോട് കടപ്പെട്ടിരിക്കും. ഇത്രയധികം സാമൂഹ്യ പ്രതിബദ്ധതയുള്ള ദീർഘ ദർശിത്വമുള്ള നേതാക്കൻമാരെ ഭരണാധികാരികളായി കിട്ടിയതിൽ മലയാളികൾക്ക് അഭിമാനിക്കാം. മോഹൻലാലിനെയും സന്തോഷ് ജോർജ്ജ് കുളങ്ങരയേയുമൊക്കെ ടൂറിസം ദിനത്തിൽ മന്ത്രി നേരിട്ട് കണ്ട് അഭിപ്രായങ്ങൾ ആരാഞ്ഞില്ലേ? അതൊക്കെ ചാനലുകളിലും ഫേസ് ബുക്ക് പേജുകളിലും നിറഞ്ഞാടിയില്ലേ? ഇതൊക്കെയല്ലേ ഒരു ടൂറിസം മന്ത്രി ചെയ്യേണ്ടത്. അല്ലാതെ വിദേശികൾക്ക് സൗകര്യം ചെയ്തു കൊടുക്കുക എന്നത് മുതലാളിത്തത്തെ താലോലിക്കുന്ന പണിയാണ്. അത് ചെയ്യാൻ വേറെ ആളെ നോക്കണം.
“കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ
കേറിയും കടന്നും ചെ-
ന്നന്യമാം രാജ്യങ്ങളില്‍.” എന്നെഴുതിയ മഹാകവി പാലാനാരായണൻ നായർ പോലും നാണിച്ചു പോകട്ടെ.
സഹ്യനും കടന്ന് കേരളപ്പെരുമ പരക്കട്ടെ, പടരട്ടെ, പന്തലിക്കട്ടെ….. ഒരിക്കൽ കൂടി നന്ദി
Post Your Comments