കല്പറ്റ: സ്വകാര്യവ്യക്തി കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ. യുവാവ് മരിച്ച് നൂറ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിക്കെതിരെ നടപടിയില്ലാത്തതിലാണ് കുടുംബവും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
കല്ലൂര്‍ തിരുവന്നൂര്‍ പുത്തന്‍ചിറ ആലിയുടെ മകന് മുഹമ്മദ് നിസാം (27) ജൂണ്‍ ഏഴിനാണ് അയല്‍വാസി കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ചത്. അന്വേഷണം നടത്തി കുറ്റക്കാരനെ അറസ്റ്റ് ചെയ്യണമെന്ന് പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ നേരത്തെ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
വന്യമൃഗങ്ങളെ കൊല്ലാന്‍ ഉയര്‍ന്ന വൈദ്യുതിപ്രവാഹം കടത്തിവിട്ട് അനധികൃതമായി സ്ഥാപിച്ച വേലിയില്‍ തട്ടിയാണ് മുഹമ്മദ് നിസാം മരിച്ചതെന്ന് വ്യക്തമായിരുന്നു. പിന്നീട്, സംഭവത്തില്‍ ആരോപണവിധേയനായ അയല്‍വാസി മുന്‍കൂര്‍ ജാമ്യം നേടി. നിസാമിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരനായ മനോജ് അമ്ബാടി ഹൈക്കോടതിയില്‍ റിവ്യൂ പെറ്റീഷന് സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ്. കുടുംബത്തിന് നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും നിവേദനം സമര്‍പ്പിച്ചിരുന്നു. ജോലി കഴിഞ്ഞ് എളുപ്പവഴിയിലൂടെ വീട്ടിലേക്ക് മടങ്ങുമ്പോൾ ഇരുട്ടില്‍ വൈദ്യുതിവേലിയില്‍ കാല് കുടുങ്ങിയാണ് നിസാം മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
Post Your Comments