മലപ്പുറം: ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ആഡംബര കാറിൽ ഒളിപ്പിച്ച് കടത്തിയ 40 കിലോഗ്രാം കഞ്ചാവുമായി മലപ്പുറത്ത് മൂന്നുപേർ അറസ്റ്റിൽ. വേങ്ങര വലിയോറ സ്വദേശികളായ വലിയോറ കരുവള്ളി ഷുഹൈബ്(32), മോയൻ വീട്ടിൽ മുഹമ്മദ് ഹർഷിദ് (31), കരുവള്ളി ഷമീർ (36) എന്നിവരാണ് പിടിയിലായത്. കാറിനുള്ളിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച് ആണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറി ലോറികളിലും ആഡംബര കാറുകളിലും രഹസ്യ അറകളുണ്ടാക്കി വൻതോതിൽ കഞ്ചാവ് കടത്തുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. കഞ്ചാവ് കടത്ത് സംഘത്തെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ടൗണിലും പരിസരങ്ങളിലും പല ഭാഗങ്ങളിലായി പൊലീസ് വാഹന പരിശോധന കർശനമാക്കിയിരുന്നു.
ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നവർക്ക് കനത്ത ശിക്ഷ: മുന്നറിയിപ്പ്
മലപ്പുറം വലിയങ്ങാടി ബൈപ്പാസിൽ വച്ച് വാഹന പരിശോധന നടത്തിയാണ് പോലീസ് കഞ്ചാവ് കണ്ടെടുത്തത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രയിൽ നിന്നും കിലോഗ്രാമിന് ആയിരം രൂപ മുതൽ വില കൊടുത്ത് വാങ്ങി ജില്ലയിലെത്തിച്ച് ചെറുകിട വിൽപനക്കാർക്ക് മുപ്പതിനായിരം രൂപവരെ വിലയിട്ടാണ് വിൽപ്പന നടത്തുന്നതെന്നും ആവശ്യക്കാർക്ക് വിൽപനനടത്താൻ തയ്യാറാക്കിയ ചെറിയ പായ്‌ക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു.
Post Your Comments