റിയാദ്: കോവിഡ് വാക്സിനേഷന്റെ മൂന്നാം ഡോസ് നൽകാൻ ആരംഭിച്ച് സൗദി അറേബ്യ. പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങൾക്കാണ് കൊവിഡ് വാക്സിന്റെ മൂന്നാം ഡോസ് നൽകിത്തുടങ്ങിയതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെയായി 4,15,72,744 ഡോസ് വാക്സിൻ വിതരണം ചെയ്തുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2,32,50,980 ആദ്യ ഡോസും 1,83,21,764 രണ്ടാം ഡോസുമാണ് ഇതുവരെ വിതരണം ചെയ്തതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വരും ദിനങ്ങളിൽ കൂടുതൽ വിഭാഗങ്ങളിലേക്ക് കൂടി മൂന്നാം ഡോസ് വാക്സിൻ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് സൗദി. ഇതിന്റെ ഭാഗമായി രണ്ടാം ഡോസ് എടുത്ത് എട്ട് മാസം കഴിഞ്ഞ 60 വയസിന് മുകളിലുള്ളവർക്കും മൂന്നാം ഡോസ് വാക്സിൻ നൽകും. ഇക്കാര്യം സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. കിഡ്നി രോഗികൾക്കും അവയവ മാറ്റം നടത്തിയവർക്കുമാണ് മൂന്നാം ഡോസ് വാക്സിൻ നൽകിത്തുടങ്ങിയിട്ടുള്ളത്.
അൽബാഹ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ ആളുകൾ വാക്‌സിൻ കുത്തിവെയ്പ്പിന്റെ രണ്ടാം ഡോസ് സ്വീകരിച്ചത്. 67 ശതമാനം പേർ പ്രവിശ്യയിൽ രണ്ടാം ഡോസ് കുത്തിവെയ്‌പ്പെടുത്തു.
Post Your Comments