
കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനാണെന്ന് അവകാശപ്പെട്ട് കോടികള്‍ തട്ടിപ്പ് നടത്തിയ യൂട്യൂബര്‍ ആയ മലയാളിയുവാവ് അറസ്റ്റില്‍. കൊച്ചി സ്വദേശി മോന്‍സന്‍ മാവുങ്കലാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി രാജകുടുംബത്തില്‍ നിന്നടക്കം തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ എത്തിയെന്നാണ് ഇയാൾ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. നിരവധി ആളുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ കടം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.
പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും തനിക്ക് പണമയച്ചിരുന്നെന്നും എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞ് മോന്‍സന്‍ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങുകയായിരുന്നു. ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖ ചമച്ച് ഇത്തരത്തിൽ പത്ത് കോടി രൂപയോളം പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
അതേസമയം പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാള്‍ക്ക് വിദേശത്ത് അക്കൗണ്ടുകള്‍ ഇല്ലെന്ന് കണ്ടെത്തി. തന്റെ പുരാവസ്തു ശേഖരത്തിൽ ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി തുടങ്ങിയവയുമുണ്ടെന്ന് ഇയാള്‍ അവകാശമുന്നയിച്ചിരുന്നു. എന്നാല്‍ ഇവ ചേര്‍ത്തലയിലെ ഒരു ആശാരി നിര്‍മ്മിച്ചതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
Post Your Comments