ദുബായ്: ദുബായ് എക്‌സ്‌പോ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സേവനങ്ങൾക്കായി തയ്യാറെടുത്ത് മെട്രോയും ട്രാമും. എക്‌സ്‌പോ 2020-ന്റെ ഔദ്യോഗിക ഉദ്ഘാടനവുമായി സമന്വയിപ്പിക്കുന്ന രീതിയിലാണ് ദുബായ് മെട്രോ എക്‌സ്‌പോ 2020 സ്റ്റേഷൻ ഒക്ടോബർ 1-ന് പ്രവർത്തിക്കുകയെന്നാണ് ആർടിഎ വ്യക്തമാക്കിയിരിക്കുന്നത്. ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ രാവിലെ 05:00 മുതൽ രാത്രി 01:15 വരെ പ്രവർത്തിക്കുന്നതാണെന്ന് ആർടിഎ അറിയിച്ചു. വ്യാഴാഴ്ച്ചകളിൽ രാവിലെ 05:00 മുതൽ രാത്രി 02:15 വരെയും, വെള്ളിയാഴ്ച്ചകളിൽ രാവിലെ 08:00 മുതൽ രാത്രി 01:15 വരെയും മെട്രോ സർവ്വീസ് നടത്തും.
തിരക്കേറിയ സമയങ്ങളിൽ മെട്രോ സേവനങ്ങളുടെ സേവന ആവൃത്തി 2:38 മിനിറ്റായിരിക്കും. ശനിയാഴ്ച മുതൽ വ്യാഴം വരെ, രാവിലെ 06:00 മുതൽ രാത്രി 01:00 വരെയാണ് ദുബായ് ട്രാം സേവനം നടത്തുക. വെള്ളിയാഴ്ച്ചകളിൽ രാവിലെ 08:00 മുതൽ രാത്രി 01:00 വരെ ദുബായ് ട്രാം സർവ്വീസ് നടത്തും.
തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 29000 റൈഡർമാർക്കും പ്രതിദിനം 522000 റൈഡർമാർക്കും സേവനം നൽകാൻ കഴിയുന്ന രീതിയിലാണ് എക്‌സ്‌പോ സ്റ്റേഷൻ പ്രവർത്തിപ്പിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങളുമായി സംയോജിപ്പിച്ച് കൊണ്ട്, ബസ്സുകൾക്കും ടാക്‌സി സ്റ്റാൻഡുകൾക്കുമുള്ള ഇടങ്ങൾ നൽകിക്കൊണ്ടാണ് എക്‌സ്‌പോ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്നിനാണ് ദുബായ് എക്‌സ്‌പോ ആരംഭിക്കുന്നത്. മാർച്ച് 31 ന് എക്‌സ്‌പോ അവസാനിക്കും. ആറു മാസ കാലത്തേക്കാണ് എക്‌സ്‌പോ നടക്കുക.
എക്‌സ്‌പോ 2020 ൽ 190 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 25 ദശലക്ഷം സന്ദർശകരെയാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് 2020 ൽ നടക്കേണ്ടിയിരിക്കുന്ന എക്‌സ്‌പോ ഈ വർഷം ഒക്ടോബറിലേക്ക് മാറ്റിവെച്ചത്.
Post Your Comments