തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ മാറ്റി പുതിയ പ്രസിഡന്റിനെ നിയമിക്കുമെന്ന വാർത്തകൾ സജീവമാണ്. പകരം ഉയർന്ന് കേൾക്കുന്ന പേരാണ് ആർഎസ്എസ് നേതാല് വത്സന് തില്ലങ്കേരിയുടെത്. ഇതിനിടെയാണ് നിലപാട് വ്യക്തമായി പറയാതെ വൽസൻ തില്ലങ്കേരിയുടെ പ്രതികരണം. ബിജെപി അധ്യക്ഷ സ്ഥാനത്തേയ്ക്ക് തന്റെ പേര് പരിഗണിക്കുന്നതായി അറിയില്ലെന്ന് വത്സന് തില്ലങ്കേരിയും പ്രതികരിച്ചു.
താൻ ഇപ്പോൾ ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റാണ്. അതിന്റെ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ. ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ഉണ്ട്.അദ്ദേഹത്തിന്റെ കാലാവധി തീർന്നിട്ടില്ല. കാലാവധി തീർന്നാൽ സംഘടന സംവിധാനം ആലോചിച്ച് തീരുമാനിക്കുമെന്നും വത്സന് തില്ലങ്കേരി പറഞ്ഞു. ഇപ്പോൾ പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങൾ മാത്രം. താനുമായി ബിജെപി കേന്ദ്ര നേതൃത്വം അത്തരത്തിൽ ഒര് ആശയ വിനിമയവും നടത്തിയിട്ടുമില്ല.
പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിർദ്ദേശം വന്നാൽ സ്ഥാനം ഏറ്റെടുക്കാൻ മാനസികമായി തയ്യാറാണൊ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു വൽസൻ തില്ലങ്കേരിയുടെ പ്രതികരണം. ‘മാപ്പിള കലാപബലിദാനി അനുസ്മരണ’ സമിതിയുടെ വാർത്താസമ്മേളനത്തിലാണ് പ്രതികരണം. മാപ്പിള ലഹള അനുസ്മരിക്കാനുള്ള സർക്കാർ തീരുമാനം അപലപനീയമാണെന്നും വത്സന് തില്ലങ്കേരി പറഞ്ഞു. യഥാർത്ഥ സ്വാതന്ത്ര്യ സമര സേനാനികളെ സർക്കാർ തമസ്കരിക്കുകയാണ്. വില്ലൻമാരെ നായകരാക്കാനാണ് ശ്രമം.
ലഹളക്കാരെ വെള്ളപൂശാനുള്ള ശ്രമത്തെ ശക്തമായി അപലപിക്കുന്നു. എഴുത്തച്ഛന് പ്രതിമ സ്ഥാപിക്കാൻ സമ്മതിക്കാത്തിടത്ത് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയ്ക്ക് സ്മാരകം പണിയുന്നു. സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോണമെന്നും വൽസൻ തില്ലങ്കേരി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.ഇതിനിടെ കെ സുരേന്ദ്രനും നിലപാട് വ്യക്തമാക്കി. തന്നെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം തനിക്ക് അറിയില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പ്രസിഡന്റിന് മൂന്ന് വർഷം കാലാവധി നിശ്ചയിച്ചിട്ടില്ല. അങ്ങനെ കാലാവധി ഇല്ല.
പാർട്ടിയ്ക്ക് വേണമെങ്കിൽ എപ്പോൾ വേണമെങ്കിലും മാറ്റാം. എത്ര കാലം വേണമെങ്കിൽ നീട്ടി നൽകുകയും ചെയ്യാം. പത്രക്കാർ അവരുടെ അറിവ് അനുസരിച്ച് എഴുതുന്നു. പിന്നീട് തിരുത്തുന്നു. അതാണല്ലോ നടക്കുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.പുതിയ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് സ്ഥാനങ്ങൾ എല്ലാം നല്ലതല്ലേ എന്നായിരുന്നു മറു ചോദ്യം. ഡൽഹിയിലേയ്ക്ക് പോയത് രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാനാണെന്നും സുരേന്ദ്രൻ പറഞ്ഞു. എന്നാൽ സുരേന്ദ്രനെ മാറ്റി പകരം സുരേഷ് ഗോപിയെയൊ, വത്സന് തില്ലങ്കേരിയെയൊ പരിഗണിക്കുന്നുണ്ടെന്നാണ് വാർത്തകൾ.
പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം തന്നെ പ്രതികരിച്ചിരുന്നു.സിനിമ നടനല്ല പ്രസിഡന്റ് സ്ഥാനത്ത് എത്തേണ്ടതെന്നായിരുന്നു സുരേഷ് ഗോപിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. കെ സുരേന്ദ്രനൊ, വി മുരളീധരനൊ വിചാരിച്ചാലും താൻ പ്രസിഡന്റ് ആകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്രമന്ത്രി അമിത് ഷായും താൻ അധ്യക്ഷനാകണമെന്ന് പറയില്ല. രാഷ്ട്രീയത്തില്‍ കാല്‍വച്ച് വളര്‍ന്നവരാണ് ആ സ്ഥാനത്തേക്ക് വരേണ്ടതെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞു.
Post Your Comments