ന്യൂയോര്‍ക്ക് : ഏറ്റവും കൂടുതല്‍ തീവ്രവാദികള്‍ക്ക് ആതിഥേയത്വം നല്‍കിയതിന്റെ അവിശ്വസനീയമായ റെക്കോര്‍ഡ് പാക്കിസ്ഥാനാണെന്നു യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബൈ. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയങ്ങള്‍ ഉയര്‍ത്തി നല്‍കിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് സ്നേഹ ഇക്കാര്യം പറഞ്ഞത്. ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുന്നതിലൂടെ ആഗോള അംഗീകാരം നേടിയിട്ടുള്ള രാജ്യമാണ് പാകിസ്ഥാനെന്നും തീവ്രവാദികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള ഇടം നല്‍കി അതിന്റെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പാകിസ്ഥാന്‍ നടത്തി കൊണ്ടിരിക്കുന്നതെന്നും സ്നേഹ പറഞ്ഞു.
‘ഏറ്റവും കൂടുതല്‍ തീവ്രവാദികള്‍ക്ക് ആതിഥേയത്വം നല്‍കിയതിന്റെ അവിശ്വസനീയമായ റെക്കോര്‍ഡ് പാക്കിസ്ഥാന്റെ പേരിലാണ്. ഒസാമ ബിന്‍ ലാദന് വരെ പാകിസ്ഥാന്‍ അഭയം നല്‍കി. ഇപ്പോള്‍ പോലും പാക് നേതൃത്വം ലാദന്റെ മരണത്തെ മഹത്വവത്കരിക്കുകയാണ്. പാകിസ്ഥാനില്‍ നിന്ന് വ്യത്യസ്തമായി, സ്വതന്ത്ര മാധ്യമങ്ങളും സ്വതന്ത്ര ജുഡീഷ്യറിയും ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. ബഹുസ്വരത എന്നത് പാകിസ്ഥാന് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു ആശയമാണ്. അവര്‍ ഭരണഘടനാപരമായി തന്നെ ന്യൂനപക്ഷങ്ങള്‍ ഉയര്‍ന്ന പദവികളില്‍ എത്തുന്നതിനെ വിലക്കുന്നു.’- അസംബ്ലിയിൽ സ്നേഹ പങ്കുവച്ചു
ലോക വേദിയില്‍ പരിഹാസത്തിന് ഇരയാകുന്നതിനുമുമ്ബ് പാകിസ്ഥാന്‍ ആത്മപരിശോധന നടത്തണമെന്നും സ്‌നേഹ ആവശ്യപ്പെട്ടു. ജമ്മു കശ്മീര്‍, ലഡാക് മേഖലകളെല്ലാം ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണ്. അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യുമെന്നും സ്‌നേഹ ദുബൈ വ്യക്തമാക്കി
Post Your Comments