ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് രോഹിണി കോടതിയിൽ ഇന്ന് അരങ്ങേറിയത് മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ അധോലോക യുദ്ധം. ഗുണ്ട തലവൻ ഗോഗി അടക്കം നാല് പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയിൽ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമത്തിൽ ആറ് പേർക്ക് വെടിയേറ്റു. ക്രമസമാധാന പാലനത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ച ഗോഗിയുടെ മരണം ഒരു തരത്തിൽ ഡൽഹി പൊലീസിന് ആശ്വാസം നൽകുമെങ്കിലും ഗോഗിയുടെ എതിരാളിയായ ടില്ലു ടാജ്പുരിയയുടെ ടില്ലും ഗ്യാംഗ് ഇനി കളം പിടിക്കാൻ ശ്രമിക്കുമെന്നത് അവർക്ക് വെല്ലുവിളിയാണ്. ജിതേന്ദ്രർ ഗോഗിയുടെ ജീവനെടുത്ത ടില്ലു ഗ്യാംഗിനോട് പകരം ചോദിക്കാൻ ഗോഗിയുടെ സംഘം ശ്രമിക്കുകയും ചെയ്യും.
അഭിഭാഷക വേഷം ധരിച്ച് വടക്കൻ ഡൽഹിയിലെ രോഹിണി ജില്ലാ സെഷൻസ് കോടതിയിൽ എത്തിയ ടില്ലു ഗ്യാംഗിലെ രണ്ട് ക്രിമിനലുകളാണ് ജിതേന്ദ്ര ഗോഗിയെ ഇന്ന് വെടിവെച്ചു കൊന്നത്. കോടതി സമുച്ചയത്തിലെ രണ്ടാം നിലയിലുള്ള 201-മുറിയിൽ ഗോഗി പ്രതിയായ ഒരു കേസിൻ്റെ വിചാരണ നടക്കുന്നതിനിടെയാണ് അഭിഭാഷക വേഷം ധരിച്ച ഗുണ്ടകൾ അവിടെ എത്തിയതും ഗോഗിയെ വെടിവെച്ച് കൊലപ്പെടുത്തിയതും.
കടുത്ത വധഭീഷണി നേരിടുന്ന ഗോഗിക്ക് അകമ്പടിയായി ഒപ്പമുണ്ടായിരുന്ന ഡൽഹി സ്പെഷ്യൽ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ പ്രത്യോക്രമണത്തിലാണ് അക്രമികളായ രണ്ട് പേർ കൊല്ലപ്പെടുന്നത്. സാരമായി പരിക്കേറ്റ ഗോഗിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണപ്പെട്ടിരുന്നു. ഗോഗി കൊല്ലപ്പെടുന്നതിന് അരമണിക്കൂർ മുൻപ് ഇതേ കോടതിയിൽ ടില്ലു ഗ്യാംഗിലെ പ്രധാനിയായ ജിതൻ മാനെ പൊലീസ് ഹാജരാക്കിയിരുന്നു.
2019-ലാണ് കൊടും കുറ്റവാളിയായ ഗോഗിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മക്കോക ചുമത്തി കോടതി റിമാൻഡ് ചെയ്ത ഗോഗിയെ കടുത്ത സുരക്ഷയിലും നിരീക്ഷണത്തിലുമാണ് ഇയാളെ പൊലീസ് തീഹാർ ജയിലിൽ പാർപ്പിച്ചിരുന്നത്. എന്നാൽ വിചാരണയ്ക്ക് വേണ്ടി ഗോഗിയെ കോടതിയിൽ എത്തിക്കുന്നുവെന്നറിഞ്ഞ ടില്ലു ഗ്യാംഗ് കോടതിക്ക് അകത്ത് വച്ച് ബദ്ധശത്രുവിനെ തീർക്കാൻ ഒരുമ്പെടുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല.
Post Your Comments