കാനഡ: ശരീരത്തിന്റെ കൊഴുപ്പ് ഇല്ലാതാക്കാന്‍ ശസ്ത്രക്രിയ നടത്തിയ കനേഡിയന്‍ സൂപ്പര്‍ മോഡല്‍ ലിന്‍ഡ ഇവാന്‍ജലിസ്റ്റയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. അഞ്ചു വര്‍ഷം മുമ്പ് നടന്ന ശസ്ത്രക്രിയയുടെ ഗുരുതരാവസ്ഥ ലിന്‍ഡ തന്നെയാണ് ഇന്‍സ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചത്. ശസ്ത്രക്രിയ തന്റെ ശരീരത്തില്‍ നെഗറ്റീവ് സ്വാധീനമുണ്ടാക്കിയെന്നും തന്റെ മുഖവും ശരീരവും തിരിച്ചറിയാന്‍ കഴിയാത്ത വിധം വിരൂപമായി തീര്‍ന്നെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കൊഴുപ്പ് ഇല്ലാതാക്കി ശരീരത്തിന്റെ ആകൃതി സൂക്ഷിക്കാനുള്ള കൂള്‍ സ്‌കള്‍പ്റ്റിംഗ് ശസ്ത്രക്രിയയാണ് ലിന്‍ഡ ഇവാന്‍ജലിസ്റ്റ നടത്തിയത്. കാലിഫോര്‍ണിയ ആസ്ഥാനമായ സെല്‍ടിക് ഈസ്തറ്റിക്സിലാണ് ലിന്‍ഡ ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായത് പാരഡോക്സിക്കല്‍ അഡിപോസ് ഹൈപര്‍പ്ലാസ്യ എന്ന അവസ്ഥയാണ്. ഈ പുതിയ അസുഖം ജീവിതത്തെ തകര്‍ത്തെന്നും കടുത്ത വിഷാദരോഗത്തിന് അടിമയാക്കിയെന്നും അവര്‍ പറഞ്ഞു. ശസ്ത്രക്രിയ ചെയ്യുമ്പോള്‍ പാര്‍ശ്വഫലത്തെക്കുറിച്ച് ബോധവതിയായിരുന്നില്ലെന്നും ലിന്‍ഡ പറയുന്നു.
‘ഞാനിന്ന് ഒരു തെറ്റ് ശരിയാക്കാനുള്ള വലിയ ചുവടുവയ്പ്പെടുക്കുകയാണ്. അഞ്ചു വര്‍ഷമായി ഞാനിത് രഹസ്യമാക്കി വയ്ക്കുന്നു. എന്തു കൊണ്ടാണ് ഞാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജോലി ചെയ്യാത്തത് എന്നത്ഭുതപ്പെടുന്ന ആരാധകരോട് പറയുകയാണ്. ഞാന്‍ ചെയ്ത കൂള്‍ സ്‌കള്‍പ്റ്റിങ് ശസ്ത്രക്രിയ ശരീരത്തില്‍ നെഗറ്റീവ് സ്വാധീനമാണ് ഉണ്ടാക്കിയിട്ടുള്ളത്. ശരീരത്തിലെ കൊഴുപ്പ് കുറയുന്നതിന് പകരം വര്‍ധിക്കുകയാണ് ചെയ്തത്. രണ്ട് വേദനാജനകമായ, വിജയകരമല്ലാത്ത ശസ്ത്രക്രിയയ്ക്ക് ശേഷവും അതങ്ങനെത്തന്നെയാണ്. എന്നെ തിരിച്ചറിയാതായിരിക്കുന്നു.’ – അവര്‍ കുറിച്ചു.
Post Your Comments