ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേള്‍ക്കുന്ന പേരാണ് ആനന്ദ ഗിരി. ദുരൂഹ സാഹചര്യത്തില്‍ മരിച്ച അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ അരുമ ശിഷ്യനാണ് ഇയാള്‍. സ്വന്തം ഗുരു നരേന്ദ്രഗിരിയെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടു എന്ന ആരോപണം നേരിടുന്ന ആനന്ദ് ഗിരിയുടെ ജീവിതം സിനിമക്കഥളെ പോലും വെല്ലുന്ന വിധത്തിലായിരുന്നു. ആനന്ദ് ഗിരിയുടെ പൂര്‍വ്വാശ്രമത്തിലെ പേര് അശോക ലാല്‍ ചോട്ടിയ എന്നാണ്. രാജസ്ഥാനിലെ ഭില്‍വാരയില്‍ നിന്ന് തന്റെ പന്ത്രണ്ടാം വയസ്സില്‍ നരേന്ദ്രഗിരിക്കൊപ്പം ചേര്‍ന്ന ആനന്ദ് ഗിരിയെ പിന്‍ഗാമിയെന്ന് നിലയിലാണ് നരേന്ദ്രഗിരി കണ്ടിരുന്നത്.
Read Also : സ്ത്രീ സുരക്ഷിതയല്ലാത്ത കേരളം: പത്തനംതിട്ടയിൽ അയൽവാസിയുടെ പീഡനത്തിനിരയായ 16 കാരി തൂങ്ങി മരിച്ചു
തന്റെ അരുമ ശിഷ്യന്‍ കാരണമാണ് താന്‍ ജീവനൊടുക്കുന്നതെന്ന് എഴുതിവെച്ച ശേഷമായിരുന്നു നരേന്ദ്രഗിരിയുടെ ആത്മഹത്യ. അദ്ദേഹത്തിന്റെ മുറിയില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നത് സത്യമല്ലെന്നും ഇത് തനിക്കെതിരായ ഗൂഢാലോചനയാണെന്നുമായിരുന്നു ആനന്ദ ഗിരി വാദിച്ചത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ആനന്ദ് ഗിരിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
38-കാരനായ ആനന്ദ് ഗിരി യോഗ ഗുരുവെന്ന നിലയിലാണ് പ്രശസ്തി നേടിയത്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഇയാള്‍ക്ക് ഒട്ടേറെ അനുയായികളുണ്ട്. സമൂഹ മാദ്ധ്യമങ്ങളിലും സജീവമാണ്. രാജസ്ഥാനിലെ ഭീല്‍വാരയില്‍ ഒരു സാധാരണ കുടുംബത്തിലായിരുന്നു ആനന്ദ് ഗിരിയുടെ ജനനം. 12-ാം വയസ്സില്‍ ആനന്ദ് ഹരിദ്വാറിലെ ഗുരുകുലത്തില്‍ ചേര്‍ന്നു. ഇവിടെനിന്നാണ് മഹന്ത് നരേന്ദ്രഗിരി ആനന്ദിനെ ബഘംബരി മഠത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. ഏറെ താമസിയാതെ ആനന്ദ് ഗിരി നരേന്ദ്ര ഗിരിക്ക് ഏറെ പ്രിയപ്പെട്ടവനായി മാറി.
ഇതിനിടെയാണ് ആനന്ദിന്റെ ആഡംബര ജീവിതം ചര്‍ച്ചയായത്. ആഡംബര കാറുകളില്‍ ഇരിക്കുന്നതും വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രയ്ക്കിടെ, മദ്യഗ്ലാസ് ആനന്ദിന്റെ സമീപത്തിരിക്കുന്ന ചിത്രം പ്രചരിച്ചത് വലിയ ചര്‍ച്ചയായി. ഇതോടെ ഗ്ലാസിലുണ്ടായിരുന്നത് ആപ്പിള്‍ ജ്യൂസ് ആണെന്ന് വിശദീകരിച്ച് തലയൂരുകയായിരുന്നു ആനന്ദ് ചെയ്തത്.
സ്ത്രീകളോടുള്ള മോശമായ സമീപനത്തിലും ആനന്ദ്ഗിരി വാര്‍ത്തകളില്‍ ഇടം നേടി. മോശമായി പെരുമാറിയെന്ന് ആരോപിച്ച് 2016 ലും 2018 ലും രണ്ടു സ്ത്രീകള്‍ ആനന്ദിനെതിരെ ഓസ്‌ട്രേലിയയില്‍ പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് 2019 മെയില്‍ ആനന്ദ് ഗിരിയെ സിഡ്‌നി പൊലീസ് അറസ്റ്റ് ചെയ്യുകയും ഓസ്‌ട്രേലിയന്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊക്കെയായിരുന്നുവെങ്കിലും ഒരു വലിയ ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുക്കാന്‍ ആനന്ദഗിരിക്കായി. ഇതാണ് ആനന്ദ ഗിരിയുടെ അറസ്റ്റ് വിശ്വാസികളെ ദു:ഖത്തിലാഴ്ത്തിയിരിക്കുന്നതും.
Post Your Comments