വാഷിംഗ്ടണ്‍: മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസില്‍ എത്തി. വ്യാഴാഴ്ച രാവിലെയോടെ വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തിയ അദ്ദേഹത്തെ ജോ ബൈഡന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും യുഎസിലെ ഇന്ത്യന്‍ പ്രതിനിധി തരണ്‍ജീത് സിംഗ് സന്ധുവും യുഎസ് പ്രതിരോധ സേന മേധാവികളും ചേര്‍ന്ന് സ്വീകരിച്ചു. ജോ ബൈഡന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അധികാരത്തിലേറിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.
അമേരിക്കയിലെ ഇന്ത്യന്‍ വംശജരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ത്രിവര്‍ണ പതാക ഉയര്‍ത്തിക്കൊണ്ട് ജനങ്ങള്‍ നല്‍കിയ ഹൃദ്യമായ സ്വീകരണത്തിന് മോദി നന്ദിയറിയിച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികള്‍ നമ്മുടെ ശക്തിയാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവരുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ക്വാഡ് ഉച്ചകോടിയ്ക്ക് മുമ്പായിരിക്കും കൂടിക്കാഴ്ച നടത്തുക. അഫ്ഗാനിസ്ഥാനിലെ സാഹചര്യവും, ആഗോള ഭീകരവാദവും പ്രധാന ചര്‍ച്ചയാകും. തുടര്‍ന്ന് വൈറ്റ് ഹൗസില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. സെപ്റ്റംബര്‍ 25ന് ഐക്യരാഷ്ട്ര സഭയുടെ 76-ാം വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിക്കും. കഴിഞ്ഞ വര്‍ഷം വെര്‍ച്ച്വലായാണ് 75-ാം സഭ സംഘടിപ്പിച്ചത്.
Post Your Comments