തിരുവനന്തപുരം: രാഷ്ട്രീയവും സൗഹൃദവും മതവും തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന ക്ലബ് ഹൗസില്‍ തീവ്രവാദ ചര്‍ച്ചകളും ലൈംഗിക അധിക്ഷേപ ചാറ്റുകളും സജീവമെന്ന് കണ്ടെത്തല്‍. ക്ലബ് ഹൗസ് റൂമുകളില്‍ തീവ്രവാദ സ്വഭാവമുള്ള ചര്‍ച്ചകളും ഭീകരസംഘടനകളുടെ സാന്നിധ്യവും ലൈംഗിക ചാറ്റുകളും സ്ത്രീകള്‍ക്കെതിരെ അധിക്ഷേപങ്ങളും നടത്തുന്ന സജീവ റൂമുകള്‍ അന്വേഷണ സംഘം കണ്ടെത്തി. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് നിരീക്ഷണം ശക്തമാക്കിയത്.
ക്ലബ് ഹൗസില്‍ കഴിഞ്ഞ ഒരാഴ്ചയായി ക്ലോസ്ഡ് റൂമുകള്‍ സജീവമാണെന്നും ഇവയില്‍ തീവ്രവാദ സ്വഭാവമുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും കേന്ദ്ര ഏജന്‍സിക്ക് വിവരം ലഭിച്ചിട്ടുണ്ട്. തൃശൂരിലെ തീരദേശത്തെ ചില നേതാക്കളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുമായി തീവ്രവാദ ചര്‍ച്ചകള്‍ നടക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തില്‍ ഭിന്നിപ്പും സപര്‍ദ്ധയും വളര്‍ത്തുന്ന ക്ലബ് ഹൗസ് റൂമുകളുടെ മോഡറേറ്റര്‍മാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഗ്രൂപ്പുകളുടെ അഡ്മിന്‍മാരും സ്പീക്കര്‍മാരും കൂടാതെ കേള്‍വിക്കാരെയും പൊലീസ് നിരീക്ഷിക്കും. കൂടാതെ ചര്‍ച്ചാവേദിയാകുന്ന റൂമുകളില്‍ ഷാഡോ പൊലീസിന്റെ നിരീക്ഷണവും ഉണ്ടായിരിക്കും. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, എന്‍ഐഎ, മിലിറ്ററി ഇന്റലിജന്‍സ് എന്നീ ഏജന്‍സികളാണ് കേരള പൊലീസിന് പുറമെ നിരീക്ഷണം ശക്തമാക്കിയിട്ടുള്ളത്.
Post Your Comments