കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ തനിക്ക് അടിച്ചെന്ന് തെറ്റിദ്ധരിച്ച വയനാട് പനമരം സ്വദേശിയായ സെയ്തലവിയുടെ കുടുംബത്തിന് പിന്തുണയുമായി നാട്ടുകാർ. സെയ്തലവിയുടെ മക്കളെ പരിഹസിക്കാനോ ഒറ്റപ്പെടുത്താനോ ആരെയും അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാർ. കുടുംബത്തെ ഒറ്റപ്പെടുത്തില്ലെന്നും ഇവർ വ്യക്തമാക്കി. ടിക്കറ്റ് അടിച്ചത് മറ്റൊരാൾക്ക് ആണെന്ന് അറിഞ്ഞതോടെ സെയ്തലവിയുടെ കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇവരെ തിരിച്ചെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.
സ്വന്തമായൊരു വീട് സ്വപ്നം കാണുന്നതിനിടെയാണ് ഓണം ബമ്പറടിച്ചെന്ന് സെയ്തലവി കുടുംബത്തെ വിളിച്ചറിയിച്ചത്. സുഹൃത്ത് അഹമ്മദ് ചതിച്ചതാണെന്ന് അറിയില്ലെന്നായിരുന്നു പിന്നീട് ഇതേക്കുറിച്ച് സെയ്തലവി പ്രതികരിച്ചത്. ലോട്ടറി അടിച്ചെന്ന് പറഞ്ഞെങ്കിലും ടിക്കറ്റ് കൈയ്യിൽ കിട്ടാതെ പ്രതികരണത്തിനില്ലെന്ന പക്വതയുള്ള നിലപാടായിരുന്നു സെയ്തലവിയുടെ ഭാര്യ സുഫൈറ സ്വീകരിച്ചത്. അഹമ്മദിനെതിരെ കേസ് കൊടുക്കുമെന്ന് സെയ്തലവി വ്യക്തമാക്കി.
അതേസമയം താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സെയ്തലവിയുടെ സുഹൃത്ത് അഹമ്മദ് ആവർത്തിച്ചു. ഇത് തെളിയിക്കാൻ സെയ്തലവിയുമായുള്ള വാട്സപ്പ് സന്ദേശം സുഹൃത്ത് അഹമ്മദ് പുറത്തുവിട്ടു. ‘ടിക്കറ്റിന്റെ സ്ക്രീൻ ഷോട്ട് ഇന്നലെ 4.10ന് ഒരാളെനിക്ക് ഫേസ്ബുക്കിൽ ഇട്ടുതന്നു. ഈ ടിക്കറ്റ് ഞാൻ സെയ്തലവിക്ക് 4.53ന് അയച്ച് കൊടുത്തു. ഒരു സുഹൃത്തിന് സെയ്തലവി കുറച്ച് കാശ് കൊടുക്കാനുണ്ടെന്ന് പറഞ്ഞു. തനിക്കാണ് സമ്മാനമടിച്ചതെന്ന് ഇയാളോട് പറയുമെന്നും സെയ്തലവി എന്നോട് പറഞ്ഞു. പറഞ്ഞോളൂ എന്ന് ഞാനും പറഞ്ഞു. അല്ലാതെ വേറെ ഒന്നുമില്ല’, എന്നായിരുന്നു അഹമ്മദ് വെളിപ്പെടുത്തിയത്.
Post Your Comments