വടക്കന്‍ പറവൂര്‍: പൊതു ഗതാഗത സംവിധാനത്തിന്റെ നാശമാണ് സര്‍ക്കാരുകളും രാഷ്ട്രീയ കക്ഷികളും ആഗ്രഹിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍. കോര്‍പ്പറേഷനിലെ യൂണിയനുകള്‍ക്ക് തങ്ങളുടെ തൊഴിലാളികളെക്കാളും സ്ഥാപനത്തേക്കാളും കൂറുള്ളത് അവരെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളോടാണെന്നും അതുകൊണ്ടു തന്നെ കോര്‍പറേഷന്‍ നശിച്ചാലും അവര്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. കെഎസ്ആര്‍ടിസിയില്‍ ശമ്പളപരിഷ്‌ക്കരണം നടത്താത്തതില്‍ പ്രതിഷേധിച്ച് വടക്കന്‍ പറവൂര്‍ ഡിപ്പോയിലെ വ്യത്യസ്ത യൂണിയനുകള്‍ രൂപീകരിച്ച ‘ഒറ്റക്കല്ല ഒരുമിച്ചാണ്’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആത്മര്‍ത്ഥതയോടെ, സന്തോഷത്തോടെ ജോലി ചെയ്യുന്ന തൊഴിലാളികളും കൂടുതല്‍ ബസുകളും റൂട്ടുകളുമാണല്ലോ സാമ്പത്തികമായി വളരാന്‍ സഹായകമാകുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ,
കെഎസ്ആര്‍ടിസിയില്‍ 2011ന് ശേഷം ശമ്പളപരിഷ്‌ക്കരണം നടത്തിയിട്ടില്ല എന്നതില്‍ പ്രതിഷേധിച്ച് വടക്കന്‍ പറവൂര്‍ ഡിപ്പോയിലെ വ്യത്യസ്ത യൂണിയനുകളില്‍പെട്ട തൊഴിലാളികള്‍ ഒരുമിച്ച് ചേര്‍ന്ന് രൂപീകരിച്ച കൂട്ടായ്മയാണ് ‘ഒറ്റക്കല്ല ഒരുമിച്ചാണ്’. ഒരാഴ്ചയായി അവര്‍ നടത്തിവരുന്ന സത്യാഗ്രഹത്തിന്റെ സമാപന ദിവസമായ സെപ്റ്റംബര്‍ 18ന് ഉദ്ഘാടനത്തിനായാണ് അവര്‍ എന്നെ ക്ഷണിച്ചത്. രാഷ്ട്രീയ പിന്‍ബലമുള്ള ഒരു യൂണിയന്റേയും പിന്തുണ ഇല്ലെങ്കിലും ഡിപ്പോയിലെ ഭൂരിപക്ഷവും ഈ സമരത്തിന് പിന്നില്‍ അണിനിരന്നതായി കണ്ടു.
രണ്ടു പ്രധാന പ്രശ്‌നങ്ങള്‍ ഈ സമരത്തിനെതിരായി വരുന്നുണ്ട്. ലോകമാകെ മഹാമാരിയുടെ ഫലമായി തൊഴിലും വരുമാനവും നഷ്ടപ്പെട്ട ഒട്ടനവധി പേര്‍ ദുരിതത്തിലായിരിക്കുമ്പോള്‍ കുറഞ്ഞതെങ്കിലും സ്ഥിരവരുമാനമുള്ളവര്‍ സമരം ചെയ്യുന്നത് ശരിയോ എന്നതാണ് ആദ്യ ചോദ്യം? കോര്‍പറേഷന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാകുമ്പോള്‍ ഒരു ശമ്പള പരിഷ്‌ക്കരണം താങ്ങാന്‍ കഴിയുമോ എന്നത് രണ്ടാമത്തെ ചോദ്യം. ഈയിടെ പുറത്തിറങ്ങിയ ‘യുവം ‘ എന്ന ചലച്ചിത്രം കണ്ടത് ഓര്‍മ്മ വന്നു. പെന്‍ഷന്‍ മുടങ്ങിയതിനാല്‍ കോര്‍പറേഷനില്‍ നിന്നും റിട്ടയര്‍ ചെയ്ത പലരും അത്മഹത്യ ചെയ്തതാണ് ഈ ചിത്രത്തിന്റെ ആശയം.
കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും എം എല്‍ എമാര്‍ക്കും മന്ത്രിമാര്‍ക്കും അവരുടെ പെഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും വരെ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ എത്ര ശമ്പളം കൂട്ടി? പിന്നെ സര്‍ക്കാരിന്റെ കീഴിലുള്ള ഇവര്‍ മാത്രം അവഗണിക്കപ്പെടുന്നതന്തുകൊണ്ട്? പെട്രാള്‍ ഉല്‍പന്നങ്ങള്‍ ജി എസ് ടി യില്‍ പെടുത്തിയാല്‍ വലിയ തോതില്‍ വില കുറയുമെന്നും അതുകൊണ്ട് മുഴുവന്‍ ജനങ്ങള്‍ക്കും ഗുണകരമാകുമെങ്കിലും അങ്ങനെ ചെയ്താല്‍ മന്ത്രിമാര്‍ അടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന ഒറ്റക്കാരണം കൊണ്ട് തന്നെ ജിഎസ്ടി വേണ്ടെന്നു വക്കാന്‍ സര്‍വ്വകക്ഷി സമവായം ഉണ്ടായല്ലോ. മുഴുവന്‍ ജനങ്ങള്‍ക്ക് ഭാരം വന്നാലും ശമ്പളം മുടങ്ങരുത്. അതില്‍ കെഎസ്ആര്‍ടിസി ജീവനക്കാരെയും ഉള്‍പ്പെടുത്തിക്കൂടെ?
2016ല്‍ നിലവിലുള്ള ശമ്പളക്കരാര്‍ അവസാനിച്ചതല്ലേ? അന്ന് പ്രളയവും മഹാമാരിയും ഉണ്ടായിരുന്നതുമില്ലല്ലോ. നഷ്ടത്തിനുള്ള പല പൊതുമേഖലകളിലും കെഎസ്ഇബി അടക്കം ശമ്പള പരിഷ്‌ക്കരണം നടത്തിയതിന് എന്ത് ന്യായം പറയും?. ചുരുക്കത്താന്‍ പൊതു ഗതാഗത സംവിധാനത്തിന്റെ നാശമാണ് സര്‍ക്കാരുകളും രാഷ്ട്രീയ കക്ഷികളും ആഗ്രഹിക്കുന്നത്. കോര്‍പറേഷനിലെ യൂണിയനുകള്‍ക്ക് തങ്ങളുടെ തൊഴിലാളികളേക്കാളും സ്ഥാപനത്തേക്കാളും കൂറുള്ളത് അവരെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളോടാണ്. അതുകൊണ്ടു തന്നെ കോര്‍പറേഷന്‍ നശിച്ചാലും അവര്‍ക്ക് ഒരു പ്രശ്‌നവും ഇല്ല . അതുകൊണ്ട് സ്വന്തം നേതാക്കളോട് സത്യം പറയാന്‍ അവര്‍ തയ്യാറാകില്ല.
ആര്‍ടിസി നഷ്ടത്തില്‍ നിന്നും കരകയറാന്‍ വേണ്ട നയങ്ങള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കാറില്ല. മറിച്ച് പരമാവധി അഴിമതി നടത്തി അതിനെ മുക്കാനും ശ്രമിക്കുന്നു. 2011-16 കാലത്ത് ബസുകളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായില്ല എന്നല്ല കുറയുകയായിരുന്നു എന്നതാണ് സത്യം. ആത്മര്‍ത്ഥതയോടെ, സന്തോഷത്തോടെ ജോലി ചെയ്യുന്ന തൊഴിലാളികളും കൂടുതല്‍ ബസുകളും റൂട്ടുകളുമാണല്ലോ സാമ്പത്തികമായി വളരാന്‍ സഹായകമാകുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നാം ഇതു കാണുന്നു. കേരളത്തിലും ഇതു സാധ്യമാണെമെങ്കില്‍ സങ്കുചിത കക്ഷി രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അധികൃതരും തൊഴിലാളികളും തയ്യാറാകണം. പൊതുമേഖലയെ പ്രസ്താവനകളില്‍ പിന്തുണക്കുന്ന ഇടതു സര്‍ക്കാര്‍ പ്രവര്‍ത്തിയിലും ഇതു കാണിക്കാന്‍ തയ്യാറാകട്ടെ. അതിന് കക്ഷി രാഷ്ട്രീയത്തിനപ്പുറം നടക്കുന്ന ഈ സമരം വഴിവക്കട്ടെ.
Post Your Comments